കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പൊളിക്കില്ല, തറനിരപ്പ് ഉയർത്തും  സൂപ്പറാക്കാൻ നോക്കും : മന്ത്രി ഗണേഷ്

Saturday 22 June 2024 9:08 PM IST

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് തറനിരപ്പ് ഉയ‌ർത്തി വെള്ളക്കെട്ട് തടയുമെന്നും വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി ഗണേശ്കുമാ‌ർ പറഞ്ഞു. സ്റ്റാൻഡിന്റെ സ്ഥിതി പരിശോധിക്കാൻ എത്തിയതായിരുന്നു മന്ത്രി. പൊളിച്ചു പണിയാൻ ഫണ്ടില്ലാത്തതിനാൽ നിലവിലെ കെട്ടിടം നിലനിറുത്തും. അടുത്ത മഴക്കാലത്തിന് മുമ്പ് സ്റ്രാൻഡിന്റെ തറനിരപ്പ് ഉയ‌ർത്താനാണ് പദ്ധതി.

സ്റ്റാൻഡിലെ പ്രശ്‌നങ്ങൾ അതീവ സങ്കീർണമാണ്. ഐ.ഐ.ടിയുടെ സഹായത്തോടെയാകും പുനരുദ്ധാരണം. മഴവെള്ളം കയറുന്നത് നാണക്കേട് സൃഷ്ടിക്കുന്നുണ്ട്. വെള്ളം പമ്പ് ചെയ്ത് കളയാൻ പ്രത്യേക ഇടമൊന്നും ഇവിടെയില്ല.

ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ വികസന സമിതി കമ്മിഷണർ എം.എസ്. മാധവിക്കുട്ടി, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി വി. ചെൽസാസിനി തുടങ്ങിയവർ പങ്കെടുത്തു.

മന്ത്രിയുടെ വാഗ്ദാനങ്ങൾ

സ്റ്റാൻഡിലെ നാശാവസ്ഥയിലായ ടോയ്ലെറ്റടുകൾ പൊളിച്ചു പണിയാൻ ടെൻഡർ വിളക്കും. നടത്തിപ്പിന് പ്രത്യേക ഏജൻസിയെ ചുമതലപ്പെടുത്തും.

താത്കാലിക പരിഹാരം എന്ന നിലയിൽ തോട്ടിൽ നിന്ന് വെള്ളം കയറാതിരിക്കാൻ മൂന്നടിയോളം ഉയരത്തിൽ കോൺക്രീറ്റ് ഭിത്തി നിർമ്മിക്കും.

റെയിൽവേ ലൈനിന്റെ അടിയിലൂടെ വെള്ളം ഒഴുക്കി കളയാൻ പൈപ്പ് സ്ഥാപിക്കുന്നതിന് റെയിൽവേയുമായി ചർച്ച ചെയ്യും.

പുതിയ സ്റ്റാൻഡ്

കാരിക്കാമുറിയിൽ പുതിയ സ്റ്റാൻഡിന് കെ.എസ്.ആർ.ടി.സി, വൈറ്റില മൊബിലിറ്റി ഹബ്, സി.എസ്.എം.എൽ, കൺസ്ട്രക്ഷൻ കോർപ്പറേഷൻ എന്നവരുമായി

ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. വൈറ്റിലയിൽ കെ.എസ്.ആർ.ടി.സിക്ക് നൽകിയ സ്ഥലം ചതുപ്പാണ്. അത് നികത്താൻ കോടികൾ വേണ്ടതിനാൽ സ്ഥലം മാറ്രി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എം.എൽ.എയും എം.പിയും ഇടപെടണം. ചതുപ്പിൽ പണിതതിനാലാണ് ഗാരേജിനടുത്തുള്ള കെട്ടിടം ഇരുന്നുപോയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണം. വിജിലൻസ് അന്വേഷണം പൂ‌ർത്തിയായാൽ കെട്ടിടം പൊളിച്ചു നീക്കുന്നതിന് അനുമതി തേടും.

മന്ത്രി എത്തുന്നതിന് മുമ്പ് ശുചീകരണം

മന്ത്രിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് അലങ്കോലമായി കിടന്ന കെ.എസ്.ആർ.ടി.സി പരിസരത്ത് അധികൃതർ ശുചീകരണം നടത്തി. വശങ്ങളിലുള്ള ഓടകളിലെ മാലിന്യം നീക്കി വെള്ളമൊഴുകാനുള്ള സൗകര്യമൊരുക്കുകയായിരുന്നു പ്രധാനം. നടപ്പാതയുടെ ഭാഗത്ത് വെള്ളമൊഴിച്ച് കഴുകിയ ചാക്ക് വിരിക്കുകയും ചെയ്തു.

Advertisement
Advertisement