പ്ലസ് വൺ: സീറ്റില്ലാതെ പാലക്കാട്ട് മൂവായിരത്തോളം വിദ്യാർത്ഥികൾ

Sunday 23 June 2024 1:14 AM IST

പാലക്കാട്: പ്ലസ് വൺ മൂന്നാംഘട്ട അലോട്ട്‌മെന്റും പൂർത്തിയാകുമ്പോൾ പാലക്കാട് ജില്ലയിൽ മൂവായിരത്തോളം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തുനിൽക്കുന്നു. സപ്ലിമെന്ററി അലോട്‌മെന്റിലും സീറ്റ് ലഭിച്ചില്ലെങ്കിൽ ഇവർ മറ്റു വഴികൾ തേടേണ്ടിവരും. സപ്ലിമെന്ററി അലോട്‌മെന്റിലേക്ക് പുതുതായി അപേക്ഷകൾ സ്വീകരിക്കുന്നതിനാൽ അപേക്ഷകരുടെ എണ്ണം ഇനിയും വർധിക്കാനിടയുണ്ട്. ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്‌മെന്റിലേക്കും അപേക്ഷിക്കാം.

സ്‌പോർട്സ് ക്വോട്ടയിൽ 702 സീറ്റുകളുള്ളതിൽ 530 എണ്ണത്തിലേക്ക് മൂന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് വന്നു. ഇനി 172 സീറ്റ് ഒഴിവുണ്ട്. ഒന്ന്, രണ്ട് അലോട്ട്‌മെന്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ നൽകാം. ആദ്യ അലോട്ട്‌മെന്റിൽ 19,843 വിദ്യാർത്ഥികളും രണ്ടാം അലോട്ട്‌മെന്റിൽ 20,934 പേരുമാണ് ജില്ലയിൽ പ്രവേശനം നേടിയത്. ഇതിൽ സ്ഥിരമായും താൽക്കാലികമായും പ്രവേശനം നേടിയവരുണ്ട്.

 പാലക്കാട് ജില്ലയിൽ ആകെ 45,225 അപേക്ഷകരാണുള്ളത്.

 ഇതിൽ 6,600 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ്.

 ഇവർ സീറ്റ് ലഭ്യമാകുന്നതിന് അനുസരിച്ച് അവരുടെ ജില്ലകളിലേക്കു പോകാൻ സാധ്യതയുണ്ട്.

 കുറച്ചു കുട്ടികൾ മാനേജ്‌മെന്റ് വിഭാഗത്തിൽ ഒഴിവുള്ള 5,657 സീറ്റുകളിലേക്കും മാറിയേക്കാം. അങ്ങനെ സംഭവിച്ചാൽ മാത്രമാണു ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് പ്രതീക്ഷ.

 വി.എച്ച്.എസ്.ഇ അലോട്‌മെന്റ്: 3,617 വിദ്യാർത്ഥികൾ പ്രവേശനം നേടി
വി.എച്ച്.എസ്.ഇ വിഭാഗത്തിൽ മൂന്ന് അലോട്‌മെന്റ് പൂർത്തിയായപ്പോൾ 3,617 വിദ്യാർത്ഥികൾ പ്രവേശനം നേടി. പ്രവേശന നടപടികൾ പുരോഗമിക്കുകയാണ്. 33 സ്‌കൂളുകളിലെ 100 ബാച്ചുകളിലായി 5,000 സീറ്റുകളാണുള്ളത്. പതിനായിരത്തിലേറെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റ് അടുത്തയാഴ്ചയാണ്.

 സ്‌പോർട്സ് ക്വോട്ടയിലുള്ള 702 സീറ്റുകളിൽ 530 എണ്ണത്തിൽ പ്രവേശനം നടന്നു. ഇനി 172 ഒഴിവുണ്ട്.

 ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള 574 സീറ്റുകളിൽ 419 സീറ്റുകളിലും കാഴ്ച പരിമിതിയുള്ളവർക്കുള്ള 108 സീറ്റുകളിലും പ്രവേശനം നടന്നു.

Advertisement
Advertisement