കരുനീക്കം പൊളിഞ്ഞു,​ ടി.പി കേസ് പ്രതികൾ പുറത്തിറങ്ങില്ല ,​ ശിക്ഷായിളവ് 900 തടവുകാർക്ക്

Sunday 23 June 2024 4:37 AM IST

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനോട് അനുബന്ധിച്ച് തുടക്കമിട്ട രാഷ്ട്രീയ തടവുകാരും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുമടക്കം 900പേർക്ക് ശിക്ഷായിളവ് അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ മറവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നു പ്രതികൾക്കുകൂടി ഇളവു നൽകാനുള്ള നീക്കം പൊളിഞ്ഞു. ആസാദി കി അമൃത് മഹോത്സവ് എന്ന പേരിലുള്ള കേന്ദ്ര സർക്കാർ തീരുമാനപ്രകാരമാണ് ശിക്ഷായിളവ് അനുവദിക്കുന്നത്. ഇളവില്ലാതെ 20വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി പ്രത്യേകം വിധിച്ചിട്ടുള്ള ടി.പി. കേസ് പ്രതികളിൽപ്പെട്ട ടി.കെ. രജീഷ്,മുഹമ്മദ് ഷാഫി, കെ. സിജിത്ത് എന്നിവർക്കാണ് ശിക്ഷാഇളവു നൽകാൻ നടപടികളെടുത്തത്.

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാനായി തയ്യാറാക്കിയ 56 പ്രതികളുടെ പട്ടികയിലാണ് ഇവർ കടന്നുകൂടിയത്. ശിക്ഷായിളവിനു മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസിന് കത്ത് നൽകി. ഈ കത്ത് പുറത്തായതോടെയാണ് കരുനീക്കം പൊളിഞ്ഞത്.

ടി.പി വധക്കേസിലെ നാലാം പ്രതിയാണ് ടി.കെ.രജീഷ് . മുഹമ്മദ് ഷാഫി അഞ്ചാം പ്രതിയും കെ. സിജിത്ത് ആറാം പ്രതിയുമാണ്. ജൂൺ 13ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണർക്കയച്ച കത്തിലാണ് ഈ മൂന്നു പേരുകളും നൽകിയത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇവരെ ലിസ്റ്റിൽ നിന്നൊഴിവാക്കിയതായി ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ 'കേരളകൗമുദി'യോട് പറഞ്ഞു.

ആഭ്യന്തര-നിയമ സെക്രട്ടറിമാർ, ജയിൽ മേധാവി എന്നിവരടങ്ങിയ സമിതിയാണ് ഇതിനായി സർക്കാരിന് ശുപാർശ നൽകുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ 368പേരടക്കം 1300തടവുകാർക്ക് ഇളവുനൽകാനായിരുന്നു ആദ്യശുപാർശ. ഇതാണ് 900ആക്കി ചുരുക്കിയത്. തലസ്ഥാനത്തെ ജയിലുകളിലെ 240പേർ ഇക്കൂട്ടത്തിലുണ്ട്.

ഇളവിന്റെ വഴികൾ

ജീവപര്യന്തം തടവുകാർക്ക് ഒരുവർഷമാണ് ഇളവുനൽകുക. മറ്റുള്ളവർക്ക് 15ദിവസം മുതൽ ആറുമാസംവരെ. ഇത് ശിക്ഷാ കാലാവധിയിൽ കുറയ്ക്കും. രാഷ്ട്രീയ തടവുകാർക്ക് 15ദിവസം മുതൽ ഒരുവർഷംവരെ ഇളവ് ലഭിക്കും. കേരളപ്പിറവി, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം എന്നീ വിശേഷ അവസരങ്ങളിലും ഇളവുകിട്ടും. ഇതുപയോഗിച്ച് ശിക്ഷാകാലാവധി പൂർത്തിയാവും മുൻപേ പുറത്തിറങ്ങാനാവും. തടവുകാരുടെ ശിക്ഷായിളവിന് മന്ത്രിസഭയ്ക്ക് ശുപാർശ ചെയ്യാമെങ്കിലും ഗവർണറാണ് അനുമതി നൽകേണ്ടത്. കോടതിക്ക് ഇത് പുനഃപരിശോധിക്കാനാവും.

ടി.പി പ്രതികൾക്ക് ഇളവില്ല: ജയിൽ മേധാവി

ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് അനുവദിക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ 'കേരളകൗമുദി'യോട് പറഞ്ഞു. ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി 10വർഷം തടവ് പൂർത്തിയാക്കിയവർക്ക് ശിക്ഷായിളവിന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം തടവുകാരുടെ പട്ടികയുണ്ടാക്കിയതിലാണ് ടി.പി കേസ് പ്രതികൾ കടന്നുകൂടിയത്. ഇവർക്ക് 20വർഷം വരെ ശിക്ഷായിളവ് പാടില്ലെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിന്നീട് ലിസ്റ്റിൽ നിന്നൊഴിവാക്കി. ഇവരടക്കം നിരവധി പേരുടെ ശിക്ഷാവിധിയിൽ ഇത്തരത്തിലുള്ള കോടതി നിർദ്ദേശമുണ്ട്. അവരെയെല്ലാം ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Advertisement
Advertisement