റോഡിൽ  കുഴി; മുഖ്യമന്ത്രി സഞ്ചരിച്ച വാഹനം വഴിതിരിച്ചുവിട്ടു

Saturday 22 June 2024 10:09 PM IST

തൃശൂർ: കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം വഴിതിരിച്ചുവിട്ടു. കുന്നംകുളത്ത് നിന്ന് വടക്കാഞ്ചേരി വഴിയാണ് മുഖ്യമന്ത്രി യാത്രക്കായി തിരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം വഴിമാറിയത്.

കുന്നംകുളം - കേച്ചേരി പാതയിലെ റോഡിൽ കുഴികൾ ഉള്ളതിനാൽ യാത്രദുരിതം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ച് വിട്ടത്. കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തൃശൂരിലേക്ക് പോയത്. പരിപാടിയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് പിണറായി വിജയൻ നടത്തിയത്.

തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവർ ഇനിയെങ്കിലും ചെയ്തത് ശരിയാണോയെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന പരിപാടിയിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല. എന്നാൽ അവർ കൃത്യമായ നിലപാട് സ്വീകരിക്കണം. നാടിന്റെ സംസ്കാരത്തിന് ചേർന്നതല്ല ഈ നിലപാട്. മുസ്ലീം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. അത് ജമാ-അത്തെ ഇസ്ലാമിയുടേതും എസ്‌ഡിപിഐയുടെയും മുഖമായി മാറുന്നു. എന്താണ് എസ്‌ഡിപിഐ എന്താണ് ജമാ-അത്തെ ഇസ്ലാമിയെന്ന് അറിയാത്തവരല്ല കോൺഗ്രസ്. വോട്ടിന് വേണ്ടി കൂട്ടുകൂട്ടാൻ പറ്റാത്തവരുമായി കൂട്ടുകൂടുന്നവരായി ലീഗ് മാറി. മുസ്ലീം ലീഗ് വാശിയോടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.

കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കിയെന്നും മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത പ്രശ്നം ഇവിടെ സൃഷ്ടിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ തകരാറിലാക്കാൻ ശ്രമിക്കുന്ന ബിജെപിയെ തടയാൻ സംസ്ഥാനങ്ങളുടെ പ്രത്യേകത വച്ച് കൂട്ടായ്മ ശക്തിപ്പെടണം എന്നായിരുന്നു എൽഎഡിഎഫ് തിരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
Advertisement