പാലോട്ടെ നിലമ്പൂർ തേക്കിന് ജി.ഐ പദവി

Sunday 23 June 2024 1:21 AM IST

പാലോട്: ലോകത്തെ വിലയേറിയ മരങ്ങളിലൊന്നായ കേരളത്തിലെ നിലമ്പൂർ തേക്കിന് ജി.ഐ ടാഗ് ലഭിച്ചു. ജി.ഐ പദവി നേടുന്ന ആദ്യ വനോത്പന്നമെന്ന പദവിയും ഇതോടെ നിലമ്പൂർ തേക്കിന് സ്വന്തമായി. പാലോട് വൃന്ദാവനം ടിംബേഴ്ഡിൽ വളരുന്ന നിലമ്പൂർ തേക്കിനാണ് പദവി ലഭിച്ചത്. ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ) രജിസ്ട്രി ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഇന്ത്യയാണ് ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി.ഐ) ടാഗ് നൽകിയത്. നിലമ്പൂർ തേക്ക് ഹെറിറ്റേജ് സൊസൈറ്റി,കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ),വനംവകുപ്പ് എന്നിവയുമായി ചേർന്ന് കെ.എ.യു മുൻകൈയെടുത്താണ് നിലമ്പൂർ തേക്കിന് ജി.ഐ പദവിയിലെത്താൻ സഹായിച്ചത്.
വിപണിയിൽ ഗുണനിലവാരം കുറഞ്ഞ തേക്കിന്റെ വില്പന വർദ്ധിച്ചതിനെ തുടർന്നാണ് നിലമ്പൂർ തേക്കിന്റെ ബൗദ്ധിക സ്വത്തവകാശം ഉറപ്പാക്കാൻ കേരള കാർഷിക സർവകലാശാലയുടെ ഐ.പി.ആർ സെല്ലും ഫോറസ്ട്രി കോളേജും മുൻകൈയെടുത്ത് ജി.ഐ ടാഗ് നൽകിയത്. നിലവിൽ ജി.ഐ ടാഗ് ലഭിച്ച തേക്ക് കേരളത്തിൽ ലഭിക്കുന്നത് പാലോട് വൃന്ദാവനം ടിംബേഴ്ഡിൽ മാത്രമാണ്.144 വർഷം പഴക്കമുള്ള തേക്ക് ഉപയോഗിച്ച് 6 അടി പൊക്കത്തിൽ നിർമ്മിച്ച കൃഷ്ണരൂപം ഇവിടെയുണ്ട്.

നിലമ്പൂർ തേക്കിന്റെ പ്രത്യേകതകൾ
സ്വർണനിറവും കൂടുതൽ വ്യക്തതയുള്ള വാർഷിക വളയങ്ങളും
എണ്ണയുടെ (ടെക്ടോമിൻ) അംശം കൂടുതൽ. ചിതലിനെ ചെറുക്കാനും ദീർഘകാലം ഉപ്പ് വെള്ളത്തിൽ കിടന്നാലും കേടുവരാതിരിക്കാനും ഇതു സഹായിക്കുന്നു.
വലിയ വലിപ്പം, ഈട്, നിറം എന്നിങ്ങനെയുള്ള സവിശേഷതകൾ.
ഫംഗസ് നാശത്തിനെതിരെ ഉയർന്ന പ്രതിരോധമുണ്ടെന്നും ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ പ്രകടിപ്പിക്കുമെന്നും പറയപ്പെടുന്നു.

Advertisement
Advertisement