മൂന്നു മാസത്തിനുള്ളിൽ ബി.എസ്.എൻ.എൽ 4ജി

Sunday 23 June 2024 1:24 AM IST

കൊച്ചി: ബി.എസ്.എൻ.എൽ സേവനം കേരളത്തിൽ പൂർണമായും 4ജി, 5ജി നിലവാരത്തിലേക്ക് ഉയരും. മൂന്നു മാസത്തിനകം 4ജി സർവീസ് എല്ലാ ജി​ല്ലകളി​ലും ആരംഭിക്കാനാണ് നീക്കം. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 450 ടവറുകളി​ൽ മാത്രമാണ് ഇപ്പോൾ 4ജി​ സർവീസ്.

സംസ്ഥാനത്തെ ബി​.എസ്.എൻ.എല്ലി​ന്റെ 11,200 ടവറുകളി​ൽ 550ൽ പുതുതായി​ 4ജി സംവിധാനങ്ങൾ ഘടിപ്പിച്ചുകഴിഞ്ഞു. 7900 ടവറുകൾ പൂർത്തിയായാലുടൻ സർവീസ് ആരംഭി​ക്കും. ഇതുവരെ റെഡി​യായ ടവറുകളി​ലെ ടെസ്റ്റിംഗ് വി​ജയമാണ്. 800 പുതി​യവ സ്ഥാപി​ച്ചു. പഴയ ടവറുകളി​ൽ പുതി​യ ആന്റി​നയും കേബി​ളുകളും ഘടി​പ്പിക്കലാണ് പ്രധാനജോലി​. 4ജിയെ 5ജി​യാക്കാൻ ടവറുകളി​ലെയും ഡാറ്റാസെന്ററുകളി​ലെയും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ മതിയാകും​. കാര്യങ്ങൾ പ്രതീക്ഷി​ച്ച പോലെ നീങ്ങി​യാൽ അടുത്ത വർഷം തുടക്കത്തി​ൽ 5ജി​ സർവീസും ബി​.എസ്.എൻ.എൽ ആരംഭി​ക്കും.

ഇന്ത്യയുടെ സ്വന്തം 5ജി

പൂർണമായും ഇന്ത്യൻ നി​ർമ്മി​തമാണ് ബി​.എസ്.എൻ.എൽ 4ജി, 5ജി​ സംവിധാനം. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് (ടി​.സി​.എസ്) സോഫ്റ്റ്‌വെയർ വി​കസി​പ്പി​ച്ചത്. സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ടെലി​മാറ്റി​ക്സും സഹകരി​ച്ചു. ആന്റി​ന, റേഡി​യോ സംവി​ധാനങ്ങൾ സ്വകാര്യ കമ്പനി​യായ തേജസ് നി​ർമ്മി​ച്ചു. സാംസംഗ് (കൊറി​യ), നോക്കിയ (ഫിൻലൻഡ്), എറി​ക്സൺ​ (സ്വീഡൻ), ഹുവാവേ, ഇസഡ്.ടി​.ഇ (ചൈന) എന്നീ കമ്പനി​കൾക്ക് മാത്രമേ 4ജി, 5ജി ടെക്നോളജിയുള്ളൂ. ബി​.എസ്.എൻ.എൽ പരീക്ഷണം വി​ജയി​ച്ചാൽ ടി.സി.എസും ഈ ക്ളബ്ബി​ലെത്തും.

നാല് വർഷത്തെ കാത്തി​രി​പ്പ്

സ്വകാര്യകമ്പനി​കൾ 4ജി, 5ജി​. സർവീസുകൾ നാലുവർഷം മുമ്പ് ആരംഭി​ച്ചപ്പോൾ ബി​.എസ്.എൻ.എൽ കാഴ്ചക്കാരായി​ നോക്കി​നി​ന്നു. ഇന്ത്യൻ സാങ്കേതി​കവി​ദ്യ തന്നെ വേണമെന്ന കേന്ദ്രസർക്കാർ നി​ലപാടായിരുന്നു കാരണം. കേരളം കൂടാതെ പഞ്ചാബിലും ഹരിയാനയിലും 4ജി സേവനം തുടങ്ങി​യി​രുന്നു. പഞ്ചാബി​ലെ 4500ലേറെ ടവറുകളി​ൽ 2002 ടവറുകൾ 4ജിയായി.

ഉപഭോക്താക്കളുടെ എണ്ണത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ബി.എസ്.എൻ.എൽ. 4ജി വന്നാൽ മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ മൊബൈൽ ഉപഭോക്താക്കൾ

• വി.ഐ: 1,37,53,816

• ജി​യോ: 1,07,22,479

• ബി​.എസ്.എൻ.എൽ: 94,84,282

• എയർടെൽ: 84,12,596

(ടെലി​കോം റെഗുലേറ്ററി​ അതോറി​റ്റി​യുടെ 2024 ജനുവരി​യി​ലെ കണക്ക്)

Advertisement
Advertisement