ഇടമലയാർ കേസ്: 44 പ്രതികൾക്ക് മൂന്ന് വർഷം തടവും പിഴയും

Sunday 23 June 2024 12:24 AM IST

തൃശൂർ: ഇടമലയാർ ജലസേചന പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണ അഴിമതിയിൽ എക്‌സിക്യുട്ടിവ് എൻജിനിയർ ഉൾപ്പെടെ 44 ഉദ്യോഗസ്ഥർക്കും കരാറുകാർക്കും മൂന്നു വർഷം തടവ് ശിക്ഷ വിധിച്ച് തൃശൂർ വിജിലൻസ് കോടതി. അഴിമതി വഴി സംസ്ഥാന സർക്കാരിന് 1.05 കോടി രൂപ നഷ്ടമുണ്ടാക്കിയ കേസിൽ പ്രതികൾ രണ്ട് ലക്ഷം വീതം പിഴയും അടയ്ക്കണം.

39 കേസുകളിലായി 51 പേരാണ് പ്രതികൾ. ആറു പേർ വിചാരണ ഘട്ടത്തിൽ മരിച്ചു. ഒരാളെ കുറ്റവിമുക്തനാക്കി. എല്ലാ കേസിലും പ്രതികളായവർക്ക് രണ്ട് കോടിയലധികം പിഴയടയ്ക്കണം. എട്ട് കിലോമീറ്റർ ദൂരമുണ്ടായിരുന്ന ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിൽ അഴിമതിയുണ്ടെന്ന വിജിലൻസിന്റെ വാദം അംഗീകരിച്ചാണ് വിജിലൻസ് ജഡ്ജി ജി.അനിൽ ശിക്ഷ വിധിച്ചത്. ചാലക്കുടി കുറ്റിക്കാട് സ്വദേശി പി.എൽ.ജേക്കബ് 2004ൽ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

15 ലക്ഷം രൂപയുടെ മുകളിലുള്ള ജോലികൾക്ക് കരാർ നൽകാൻ എക്‌സിക്യൂട്ടീവ് എൻജിനിയർക്ക് അധികാരമില്ല. ഈ ചട്ടം മറികടക്കാനായി കനാൽ നിർമ്മാണം നിശ്ചിത ദൂരത്തിൽ മുറിച്ച് കരാറുകാർക്ക് വീതം വയ്ക്കുകയായിരുന്നു. അഴിമതിക്കായി പണി വിഭജിച്ചെന്നും സിമന്റ്, മണൽ, കല്ല് ഉൾപ്പെടെ വേണ്ടത്ര ഉപയോഗിച്ചില്ലെന്നും വിജിലൻസ് കണ്ടെത്തി.

അങ്കമാലി, പിറവം സർക്കിളുകൾ ഉൾപ്പെടുന്ന ഇടമലയാർ ഇറിഗേഷൻ പദ്ധതിയിൽ (ഐ.ഐ.പി) ചാലക്കുടി എക്‌സിക്യുട്ടിവ് എൻജിനിയർ സൈലേഷിനെ ഒന്നാം പ്രതിയും അസി. എക്‌സിക്യുട്ടിവ് എൻജിനിയർമാരായ പുഷ്പരാജ്, ബഷീർ, ദേവസി, കരാറുകാരായ കെ.ജെ.ജോൺസൺ, മൈക്കിൾ തുടങ്ങിയവരെ മറ്റ് പ്രതികളാക്കിയുമാണ് 2011ൽ കുറ്റപത്രം സമർപ്പിച്ചിച്ചത്.

കുറ്റപത്രത്തിൽ

4,000 പേജ്

ഡിവൈ.എസ്.പിയായിരുന്ന പരേതനായ എം.എം.മോഹനനാണ് കേസ് രജിസ്റ്റർ ചെയ്തത്. അഴിമതി, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഡി.വൈ.എസ്.പി ആർ.ജ്യോതിഷ്‌കുമാർ നൽകിയ കുറ്റപത്രത്തിലുണ്ടായിരുന്നത്. 4,000 പേജുള്ളതായിരുന്നു കുറ്റപത്രം. വിജിലൻസിനായി പബ്‌ളിക് പ്രോസിക്യൂട്ടർമാരായ വി.കെ.ശെലജൻ, ഇ.ആർ.സ്റ്റാലിൻ എന്നിവർ ഹാജരായി. കനാൽ നിർമ്മാണത്തിലെ 42 പ്രവൃത്തികളിലാണ് അഴിമതി കണ്ടെത്തിയത്.

Advertisement
Advertisement