വായന മുത്തശ്ശിയ്ക്ക് കുട്ടികളുടെ ആദരം
Sunday 23 June 2024 12:40 AM IST
വടകര: നവതിയുടെ നിറവിലും വായനയിൽ മുഴുകുന്ന മുത്തശ്ശിയെ കാണാൻ വിദ്യാർത്ഥികളെത്തി. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കടമേരി തൊണ്ടിയൂർ തറവാട്ടിലെ 94 വയസായ കുഞ്ഞിക്കാവ അമ്മയെയാണ് കടമേരി യു.പി സ്കൂൾ വിദ്യാർത്ഥികൾ വീട്ടിലെത്തി ആദരിച്ചത്. മുത്തശ്ശി വിദ്യാർത്ഥികൾക്ക് കഥയും കവിതയും പറഞ്ഞുകൊടുത്തു . ദിനപത്രങ്ങളും രാമായണം, ഭാഗവതം തുടങ്ങിയ പുരാണ ഇതിഹാസങ്ങളും മുടങ്ങാതെ പാരായണം ചെയ്യുന്ന മുത്തശ്ശി കുട്ടികൾക്ക് വായനയുടെ ഗുണപാഠങ്ങൾ നല്കിയാണ് തിരിച്ചയച്ചത്. കടമേരി യു പി. സ്കൂളിലെ വിദ്യാരംഗം സാഹിത്യ വേദി കൺവീനർ അദ്ധ്യാപിക ഷിജിന, അദ്ധ്യാപകരായ ജിസ്മ, അനുരംജ് , സുരജ , പ്രസന്ന എന്നിവർക്കൊപ്പം എത്തിയ വിദ്യാർത്ഥികൾ കുഞ്ഞിക്കാവ അമ്മയെ പൊന്നാട അണിയിച്ച് ആദരിച്ചു.