@ വിരമിക്കൽ ആനുകൂല്യവും പെൻഷനുമില്ല എങ്ങനെ ജീവിക്കും അങ്കണവാടിക്കാർ
കോഴിക്കോട്: വിരമിക്കൽ ആനുകൂല്യവും പെൻഷനുമില്ല, അങ്കണവാടി ജീവനക്കാരുടെ ജീവിതം ദുരിതമയം. 2022- 2023 ൽ വിരമിച്ച ജീവനക്കാർക്കാണ് ക്ഷേമനിധിയിലടച്ച തുക പോലും ലഭിക്കാത്തത്. 2022 ൽ വിരമിച്ചവർക്ക് ഒരു വർഷത്തെ പെൻഷൻ കുടിശികയാണ് കിട്ടാനുള്ളത്. 2023 ൽ വിരമിച്ചവർക്കാവട്ടെ ഒരുമാസത്തെ പെൻഷൻ മാത്രമാണ് ലഭിച്ചത്. ഫണ്ടില്ല, സോഫ്ട് വെയറിന്റെ സാങ്കേതിക തടസം തുടങ്ങി മുടന്തൻ ന്യായങ്ങൾ നിരത്തുകയാണ് സർക്കാർ. സ്വന്തമായി വരുമാനമില്ലാത്ത പലരും തുച്ഛമായ പെൻഷൻ തുകയെയാണ് ആശ്രയിച്ചിരുന്നത്. ഇത് ലഭിക്കാതായതോടെ സംസ്ഥാനത്ത് 19500 ലധികം പേരാണ് മരുന്നിനും നിത്യചെലവിനും വകയില്ലാതെ വലയുന്നത്. ജില്ലയിൽ ആയിരത്തിലധികം പേരുമുണ്ട്.
@ടി.എയും നിലച്ചു
ടി.എ.യും മുടങ്ങിക്കിടക്കുകയാണ്. അങ്കണവാടി പ്രവർത്തനത്തിനൊപ്പം സാമൂഹിക നീതിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയുമടക്കം ഒട്ടേറെ പരിപാടികൾക്ക് ഇവർ ഭാഗമാകേണ്ടി വരുന്നുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായുള്ള യാത്രകൾക്കും മറ്റും സ്വന്തം കൈയിൽനിന്നാണ് പണം ചെലവിടുന്നത്. 250 രൂപ വീതം നൽകിയിരുന്ന ടി.എ 2022 ഫെബ്രുവരി മുതലാണ് കിട്ടാതായത്. കഴിഞ്ഞവർഷം തുക 350 ആയി വർധിപ്പിച്ചു. പണം കിട്ടാതായതോടെ ഇത്തരം പരിപാടികൾക്ക് പോകുന്നത് ജീവനക്കാർ നിർത്തിയിരിക്കുകയാണ്.
@സമരത്തിലേക്ക്
വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് അർഹമായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ക്ഷേമ നിധി ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റീസ് പുത്തൻ വീട് പറഞ്ഞു. മുഖ്യമന്ത്രിക്കും വകുപ്പ് ഡയറക്ടർക്കുമുൾപ്പെടെ പരാതി നൽകിയിയിട്ടും നടപടിയുണ്ടാവാത്താ സാഹചര്യത്തിലാണ് സമരത്തിലേക്ക് കടക്കുന്നത്.
@പെൻഷൻ
വർക്കർമാർ- 2,500 രൂപ
ഹെൽപ്പർ- 1,500 രൂപ
@ക്ഷേമനിധിയിൽ അടച്ചത്
വർക്കർമാർ- 500
ഹെൽപ്പർ- 250