പ്ലസ് വൺ സീറ്റ്: മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി
കോഴിക്കോട്: പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കെ.എസ്.യു,എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടി വീശി. ഗസ്റ്റ് ഹൗസിൽ നിന്ന് സമ്മേളനം നടക്കുന്ന കോഴിക്കോട് ബീച്ചിലേക്ക് പോകുംവഴി വെസ്റ്റ് ഹില്ലിൽ വച്ചായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം അടുത്തെത്തിയപ്പോൾ പ്രവർത്തകർ കരിങ്കൊടിയുമായി വാഹനത്തിനടുത്ത് ഓടിയടുക്കുകയായിരുന്നു. പ്രതിഷേധിച്ച അഞ്ച് കെ.എസ്.യു പ്രവർത്തകരെയും നാല് എം.എസ്.എഫ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി പി. സനൂജ്,ജില്ലാ വൈസ് പ്രസിഡന്റുമാരായ ഫായിസ് നടുവണ്ണൂർ,മുഹമ്മദ് യാസിൻ,ജില്ലാ ഭാരവാഹികളായ ഋഷികേശ്,ജോയൽ ആന്റണി,എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട്,ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്,സാജിദ് റഹ്മാൻ,മിഷാഹിർ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്.
പരപ്പനങ്ങാടിയിൽ കരിങ്കൊടി
പരപ്പനങ്ങാടി : ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി. ഇന്നലെ വൈകിട്ട് ആറോടെയാണ് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ പയനിങ്ങൽ ജംഗ്ഷനിൽ വച്ച് പ്രവർത്തകർ കരിങ്കൊടി വീശിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി .
അശ്ളീല ദൃശ്യം മനപ്പൂർവമല്ലാതെ
ഡൗൺലോഡ് ചെയ്തത് കുറ്റകരമല്ല
കൊച്ചി: കുട്ടികൾ ഉൾപ്പെട്ട ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഡൗൺലോഡ് ചെയ്യുന്നതോ കൈമാറ്റം ചെയ്യുന്നതോ ആണ് കുറ്റകരമെന്ന് ഹൈക്കോടതി. ഇത്തരം ലൈംഗികദൃശ്യങ്ങൾ മൊബൈൽഫോണിൽ കണ്ടെത്തിയതിന്റെ പേരിൽ പോക്സോ കേസ് ചുമത്തപ്പെട്ട തൃശൂർ സ്വദേശിയായ യുവാവിനെ കുറ്റവിമുക്തനാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. തൃശ്ശൂർ അതിവേഗ കോടതിയാണ് ഇയാളെ ശിക്ഷിച്ചത്.
കുട്ടികളുടെ അശ്ളീല വീഡിയോകൾ കൈമാറ്റം ചെയ്യുന്നതിനായി സൂക്ഷിക്കുമ്പോഴാണ് പോക്സോ നിയമപ്രകാരമുള്ള കുറ്റം ബാധകമാവുകയെന്ന് കോടതി വിലയിരുത്തി.
യാദൃച്ഛികമായി ഇത്തരം വീഡിയോകൾ ഡൗൺലോഡ് ചെയ്യപ്പെട്ടതിന്റെ പേരിൽ ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റവും നിലനിൽക്കില്ല. ഹർജിക്കാരന്റെ കേസിൽ വീഡിയോ മനപ്പൂർവ്വം ഡൗൺലോഡ് ചെയ്തുവെന്നതിനോ കൈമാറ്റം ചെയ്തതിനോ തെളിവില്ലെന്ന് കോടതി വിലയിരുത്തി.