പരീക്ഷാ ക്രമക്കേട് തടയാൻ ദേശീയ സാങ്കേതിക സമിതി
ന്യൂഡൽഹി: പ്രാബല്യത്തിൽ വന്ന പരീക്ഷാ ക്രമക്കേട് തടയൽ നിയമത്തിൽ, പരീക്ഷാ പ്രക്രിയ കൂടുതൽ സുരക്ഷിതമാക്കാനുള്ള ശുപാർശകൾ നൽകാൻ ഉന്നതതല ദേശീയ സാങ്കേതിക സമിതി രൂപീകരിക്കാനും വ്യവസ്ഥയുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഐടി സുരക്ഷാ സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ സമിതി രൂപപ്പെടുത്തും. പരീക്ഷാ കേന്ദ്രങ്ങളിൽ നിരീക്ഷണം ഉറപ്പാക്കൽ, മത്സര പരീക്ഷകൾ നടത്തുന്നതിനുള്ള ദേശീയ മാനദണ്ഡങ്ങൾ രൂപീകരിക്കുക എന്നിവയും സമിതിയുടെ ഉത്തരവാദിത്വമായിരിക്കും. ആൾമാറാട്ടം, ചോദ്യപേപ്പർ ചോർച്ച തുടങ്ങിയവ തടയാനുള്ള മാർഗങ്ങൾ ആവിഷ്കരിക്കും. യു.പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി ഉൾപ്പെടെ വിവിധ സർക്കാർ ഏജൻസികളുടെ പരീക്ഷകളും ജെ.ഇ.ഇ, എൻ.ടി.എ നടത്തുന്ന നീറ്റ്, സി.യു.ഇ.ടി തുടങ്ങിയ പ്രവേശന പരീക്ഷകളും ഇതിന്റെ പരിധിയിൽ വരും.
രവി അത്രി മെഡി.പഠനം
ഉപേക്ഷിച്ച് മാഫിയയിൽ
ന്യൂഡൽഹി:ഇന്നലെ യു.പിയിൽ അറസ്റ്റിലായ
രവി അത്രി വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ച ചോദ്യപേപ്പർ ചോർച്ച മാഫിയയിലെ മുഖ്യ കണ്ണിയാണ്. ചോദ്യപേപ്പറുകൾ ഉത്തരംസഹിതം സോൾവർ ഗ്യാങ് എന്ന ഒരു നെറ്റ്വർക്ക് വഴി സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്യലാണ് പ്രധാന ജോലി. മെഡിക്കൽ പ്രവേശന ചോദ്യ പേപ്പർ ചോർത്തലുമായി ബന്ധപ്പെട്ട് 2012ൽ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു.
2012ൽ പ്രവേശന പരീക്ഷ പാസായ അത്രി ഹരിയാനയിലെ റോഹ്തക് പി.ജി.ഐ കോളേജിൽ പ്രവേശനം നേടിയിരുന്നു. പിന്നീട് പരീക്ഷാ മാഫിയയുടെ വലയിൽ കുടുങ്ങി നാലാം വർഷം പരീക്ഷയെഴുതിയില്ല. പകരം മറ്റ് വിദ്യാർത്ഥികൾക്ക് വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി. ചോർന്ന പേപ്പറുകൾ പ്രചരിപ്പിക്കുന്നതായിരുന്നു മറ്റൊരു പണി.
മുഖ്യകണ്ണികൾ ചോർത്തി നൽകിയ ചോദ്യപേപ്പറുകൾ ഇടനിലക്കാരായ
അമിത് ആനന്ദ്, നിതീഷ് കുമാർ എന്നിവരിൽ നിന്നു 30-32 ലക്ഷം രൂപയ്ക്ക് വാങ്ങിയ പിടിയിലായ മറ്റൊരു പ്രതി സിക്കന്ദർ യാദവേന്ദ്ര 40 ലക്ഷം രൂപയ്ക്കാണ് വിദ്യാർത്ഥികൾക്ക് മറിച്ചു വിറ്റതെന്ന് ബിഹാർ പൊലീസിനോട് സമ്മതിച്ചു.
ബീഹാറിൽ ടെറ്റ്
പരീക്ഷയും മാറ്റി
പാട്ന: യു.ജി.സി നെറ്റ്, നീറ്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ ബീഹാറിൽ ഈ മാസം 26 മുതൽ 28 വരെ നടക്കാനിരുന്ന ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) മാറ്റിവച്ചു. 28, 29 തീയതികളിൽ ബീഹാർ പബ്ലിക് സർവീസ് കമ്മിഷൻ ഹെഡ്മാസ്റ്റർമാർക്കായി നടത്തുന്ന പരീക്ഷയുള്ളതിനാലാണ് മാറ്റിയതെന്നാണ് വിശദീകരണം. തീയതി പിന്നീട് അറിയിക്കുമെന്ന് ബീഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡ് അറിയിച്ചു. സ്കൂളുകളിൽ അദ്ധ്യാപകരാവുന്നതിനുള്ള യോഗ്യത പരീക്ഷയാണ് ടെറ്റ്. യു.ജി.സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെ പരീക്ഷ റദ്ദാക്കിയിരുന്നു.