കളക്ടർമാർ വരും പോകും, ചൗധരി ഇപ്പോഴും ആദിവാസികൾക്കിടയിലുണ്ട്

Saturday 22 June 2024 11:19 PM IST
കളക്ടർ വരും പോകും എന്നാൽ മാറ്റമില്ലാതെ ചൗധരി ഇപ്പോഴും ഇവിടെയുണ്ട്

കാളികാവ്: ജില്ലയിൽ കളക്ടർമാർ വരും പോകും. എന്നാൽ 1976ൽ മലപ്പുറം ജില്ലാ കളക്ടറായിരുന്ന ആർ.സി. ചൗധരി ഇപ്പോഴും ചോക്കാട് നാൽപ്പത് സെന്റ് ആദിവാസി നഗറിലെ ജനങ്ങൾക്കിടയിലുണ്ട്. ജില്ലയിൽ ഏറ്റവുമധികം ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ കളക്ടർ ഒരു പിഞ്ചു കുഞ്ഞിന് സ്വന്തം പേരിട്ടു . ആ ചൗധരി ഇന്ന് 48-ാം വയസ്സിലും ഇവിടെ ഹീറോയാണ്.

1976-ൽ ചോക്കാട് നാൽപ്പത് സെന്റ് കോളനിയിൽ ഭൂമി പതിച്ച് നൽകാൻ കളക്ടറെത്തി.

രേഖ ഏറ്റുവാങ്ങാൻ കൈക്കുഞ്ഞുമായിട്ടാണ് നീലിയെന്ന ആദിവാസി സ്ത്രീ എത്തിയത്. കൈയിലുണ്ടായിരുന്ന കുട്ടിയുടെ പേര് കളക്ടർ ചോദിച്ചു. പേരിട്ടിട്ടില്ലെന്ന് പറഞ്ഞപ്പോൾ അവിടെ വച്ച് തന്നെ കളക്ടർ കുട്ടിക്ക് സ്വന്തം പേരിട്ടു.

1975 മുതൽ 1977 വരെയാണ് ജില്ലാ കളക്ടറായി ആർ.സി. ചൗധരി മലപ്പുറത്തുണ്ടായത്.

ആദിവാസി പയ്യന് ഉത്തരേന്ത്യക്കാരന്റെ പേര് താങ്ങാൻ കഴിയില്ലെന്ന് പറഞ്ഞ് സ്‌കൂളിൽ ചേർത്തപ്പോൾ അദ്ധ്യാപകൻ പേരു മാറ്റാമെന്ന് അഭിപ്രായപ്പെട്ടെങ്കിലും നടന്നില്ല. നാട്ടിലും രേഖകളിലും എല്ലാം ഇപ്പോഴും ചൗധരി തന്നെയാണ്. കളക്ടറുടെ പേര് തന്നിലൂടെ മായാതെ നിലനിൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് ചൗധരി പറയുന്നു. റബർ ടാപ്പിംഗ് ചെയ്താണ് ഉപജീവനം. ഭാര്യയും മക്കളുമായി ചോക്കാട് നാൽപ്പത് സെന്റിൽ തന്നെയാണ് താമസം.

Advertisement
Advertisement