കാട്ടുപന്നിശല്യം: അറുകാലിക്കലിൽ പൊറുതിമുട്ടി കർഷകർ

Saturday 22 June 2024 11:25 PM IST

അടൂർ : ഏഴംകുളം പഞ്ചായത്തിലെ അറുകാലിക്കൽ കിഴക്ക് 19-ാം വാർഡിൽ കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നു. കപ്പ, ഏത്തവാഴ, ചേന, ചേമ്പ് കൃഷികൾ ചെയ്യാൻ പറ്റാത്ത അവസ്ഥയായെന്നാണ് കർഷകർ പറയുന്നത്. കൃഷിക്കിറങ്ങുന്ന കർഷകർക്ക് നേരെയും ആക്രമണമുണ്ട്. സന്തോഷ് കുമാറിന്റെ 50 മൂടി ചീനിയും, സുഗതൻ, തുളസി എന്നിവരുടെ കപ്പക്കൃഷിയും ,ഹരിച്ഛന്ദ്രൻ നായരുടെ ഏത്തവാഴയും ,കപ്പയും, രവീന്ദ്രന്റെ പടവലം കൃഷിയും നശിപ്പിച്ചു. പന്നി കുത്തിയ കാർഷിക വിളകൾ വ്യാപാരികൾ വാങ്ങാത്തത് കർഷകർക്ക് തിരിച്ചടിയാണ്.

കായംകുളം ,മാവേലിക്കര, ചാരുമൂട് ഭാഗത്ത് നിന്നും ധാരാളം ചെറുകിട വ്യാപാരികൾ വന്ന് കാർഷിക വിളകൾ വാങ്ങിയിരുന്ന സ്ഥലമായിരുന്നു ഏഴംകുളം. എന്നാൽ ഇപ്പോൾ പന്നി ശല്യം ഉണ്ടാകാത്ത കാർഷിക വിളകൾക്കാണ് വ്യാപാരികൾക്ക് താൽപര്യം. എല്ലാ കർഷകർക്കും വേലി കെട്ടി കൃഷി സംരക്ഷിക്കുവാൻ സാമ്പത്തികമായി സാധിക്കാത്ത അവസ്ഥയാണ് .

വ്യാപകമായി റബർ കൃഷി ചെയ്യുന്ന മേഖല കൂടിയാണിത്. ടാപ്പിംഗ് തൊഴിലാളികൾ ധാരാളമുള്ള പ്രദേശമാണെങ്കിലും പന്നിയുടെ ആക്രമണം ഭയന്ന് വെളുപ്പാൻ കാലത്ത് ടാപ്പിങ്ങിനിറങ്ങാൻ തൊഴിലാളികൾ വിമുഖത കാണിക്കുന്നതും റബ്ബർ കർഷകർക്ക് തിരിച്ചടിയാണ്. കാട്ടു പന്നികളെ ഭയന്ന് ടാപ്പിംഗ് തൊഴിലാളികൾ മറ്റ് ജോലികൾക്ക് പോകുന്നത് കാരണം ചിലയിടങ്ങളിൽ റബർ വെട്ടും മുടങ്ങിയിരിക്കുകയാണ്

പന്നിയെ കൊല്ലാൻ ആളില്ല

കഴിഞ്ഞ വർഷം പന്നികളെ വെടിവയ്ക്കുവാനുള്ള ആളുകളെ ആവശ്യമുണ്ടെന്ന് കാട്ടി പത്ര പരസ്യം നൽകുകയും അടൂരിലെയും, ഏനാത്തേയും പൊലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകുകയും ചെയ്‌തിരുന്നെങ്കിലും ആളെ കിട്ടിയില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പന്നി ശല്യമുള്ള പ്രദേശത്തെ കൃഷി സ്ഥലങ്ങൾക്ക് ചുറ്റും വേലി കെട്ടാനുള്ള സബ്‌സിഡി പഞ്ചായത്തിൽ നിന്നും കൊടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം 24 അപേക്ഷകർ ഉണ്ടായിരുന്നു. അതിൽ 18 പേർക്ക് കൊടുത്തു. ബാക്കിയുള്ളവർക്ക് ഈ വർഷം കൊടുക്കും. കൂടുതൽ അപേക്ഷകർ വന്നാൽ അതും പരിഗണിക്കുമെന്ന് അധികൃതർ പറഞ്ഞു.

-----------------------

കാട്ടു പന്നികളെ തുരത്താനുള്ള പദ്ധതികൾ പഞ്ചായത്ത് ആസൂത്രണം ചെയ്‌തുവരികയാണ്. തത്കാലം വേലികെട്ടാനുള്ള സബ്‌സിഡി കർഷകർക്ക് നൽകുന്നുണ്ട്. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം ഉണ്ടാകും.

വിനോദ് തുണ്ടത്തിൽ
ഏഴംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ്

Advertisement
Advertisement