ടി.പി പ്രതികളെ വിട്ടയയ്ക്കലും ബോംബ് നിർമ്മാണവും തമ്മിൽ ബന്ധം: കെ.സുധാകരൻ

Sunday 23 June 2024 12:38 AM IST


തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി. കണ്ണൂരിൽ വ്യാപകമായി ബോംബു നിർമ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളിൽ നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മിൽ ബന്ധമുണ്ട്. മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിനുള്ളിൽ എതിർശബ്ദം ഉയർന്നതിന് പിന്നാലെ 20 വർഷം വരെ ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്നാണ് ഇത്തരമൊരു നീക്കമെന്നും സുധാകരൻ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് പിന്നാലെയാണ് ജയിൽ സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി. പിന്നിൽ ഉന്നത സി.പി.എം ഇടപെടലുണ്ട്. പ്രതികളെ മോചിപ്പിക്കാൻ സർക്കാർ നടത്തിയ നീക്കം പാളിയപ്പോൾ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. ടി.പി കേസിൽ നീതി ഉറപ്പാക്കാൻ കെ.കെ. രമ എം.എൽ.എ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങൾക്കും കെ.പി.സി.സി പിന്തുണ നൽകുമെന്നും കെ.സുധാകരൻ വ്യക്തമാക്കി.

Advertisement
Advertisement