ടി.പി കേസ് പ്രതികളുടെ ശിക്ഷാഇളവ് കേരളത്തോടുളള വെല്ലുവിളി: സതീശൻ

Sunday 23 June 2024 12:42 AM IST

പറവൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സർക്കാരിന്റെ നീക്കം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെയാണ് ജയിൽ നിയമങ്ങളും ഹൈക്കോടതി വിധിയും ലംഘിച്ച് മോചിപ്പിക്കാൻ ശ്രമിക്കുന്നത്. ഇവരുടെ പരോളിനെക്കുറിച്ചുള്ള നിയമസഭയിലെ കെ.കെ. രമയുടെ ചോദ്യങ്ങൾക്ക് അഞ്ച് മാസമായി ഉത്തരം നൽകിയിട്ടില്ല.

നിരവധി കുട്ടികളും നിരപരാധികളുമാണ് സി.പി.എമ്മിന്റെ ബോംബുകൾക്ക് ഇരകളായത്. ബോംബ് ഭീതിയെക്കുറിച്ച് തുറന്നു പറഞ്ഞ സെനയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകണം.

മലബാറിൽ പ്ലസ് വൺ സീറ്റുകൾ ബാക്കിയാകുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. സീറ്റുകിട്ടാതെ കുട്ടികൾ അവിടെ നെട്ടോട്ടമോടുകയാണ്. 30 ശതമാനം സീറ്റ് വർദ്ധിപ്പിച്ചാൽ ഒരു ക്ളാസിലെ കുട്ടികളുടെ എണ്ണം 75 ആകും. ബാച്ചുകളുടെ എണ്ണമാണ് കൂട്ടേണ്ടത്. ഇതിനെതിരെ ശക്തമായ സമരമുണ്ടാകും.

ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒ.ആർ. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കും. ദേവസ്വം വകുപ്പ് എടുത്തുമാറ്റിയത് തെറ്റായ തീരുമാനമാണ്. കൊടിക്കുന്നിൽ സുരേഷിനെപ്പോലെ ഏറ്റവും മുതിർന്ന പാർലമെന്റ് അംഗത്തെ പ്രോടെം സ്പീക്കർ ആക്കാതിരുന്ന കേന്ദ്ര സർക്കാരിന്റെ അതേ നിലപാടാണ് ഒ.ആർ. കേളുവിനോട് സംസ്ഥാന സർക്കാരും സ്വീകരിച്ചത്.

Advertisement
Advertisement