പറങ്കികളുടെ പന്താട്ടം

Saturday 22 June 2024 11:52 PM IST

തുർക്കിയെ 3-0ത്തിന് തോൽപ്പിച്ച് പോർച്ചുഗൽ പ്രീ ക്വാർട്ടറിലേക്ക്

ഡോർട്ട്മുണ്ട് : യൂറോ കപ്പ് ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തിലും വിജയം നേടി പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കി. ഇന്നലെ തുർക്കിയെ 3-0ത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും കൂട്ടരും കീഴടക്കിയത്. ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ളിക്കിനെ പോർച്ചുഗൽ 2-1ന് തോൽപ്പിച്ചിരുന്നു. ആദ്യ കളിയിൽ ജോർജിയയെ 3-1ന് തോൽപ്പിച്ചിരുന്ന തുർക്കിയുടെ ആദ്യ തോൽവിയാണിത്.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച പോർച്ചുഗലിനെ തടുക്കാൻ തുർക്കി കഷ്ടപ്പെട്ടു. ആദ്യ പകുതിയിൽത്തന്നെരണ്ടുഗോളുകൾ പോർച്ചുഗലിന്റെ അക്കൗണ്ടിലെത്തി. ഇതിലൊന്ന് സെൽഫ് ഗോളുമായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോയെ തടുക്കാൻ തുർക്കിക്കാർ ശ്രമിച്ചപ്പോൾ മദ്ധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസും ബർണാഡോ സിൽവയും ലിയാവോയും ചേർന്ന് കളി മെനയുകയായിരുന്നു. സിൽവയാണ് ആദ്യ ഗോൾ നേടിയത്. തുർക്കി പ്രതിരോധത്തിന്റെയും ഗോളിയുടെയും മണ്ടത്തരമാണ് രണ്ടാം ഗോളിന് വഴിതുറന്നത്. ബ്രൂണോ രണ്ടാം പകുതിയിൽ വലകുലുക്കി.

ഈ വിജയത്തോടെ പോർച്ചുഗൽ രണ്ട് കളികളിൽ നിന്ന് ആറുപോയിന്റുമായി ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തി.മൂന്ന് പോയിന്റുള്ള തുർക്കി രണ്ടാമതുണ്ട്. ഓരോപോയിന്റുള്ള ചെക്കും ജോർജിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോർച്ചുഗൽ ബുധനാഴ്ച രാത്രി ജോർജിയയെ നേരിടും. അന്ന് തുർക്കി ചെക്ക് റിപ്പബ്ളിക്കിനെയും നേരിടും.

ഗോളുകൾ ഇങ്ങനെ

1-0

21-ാം മിനിട്ട്

ബെർണാഡോ സിൽവ

ന്യൂനോ മെൻഡസിന്റെ ഡിഫ്ളെക്ട് ചെയ്തുവന്ന ക്രോസാണ് സിൽവ വലയിലേക്ക് കയറ്റിവിട്ടത്.

2-0

28-ാം മിനിട്ട്

അകായ്ദിൻ( സെൽഫ്)

യാവോ കാൻസലോ ക്രിസ്റ്റ്യാനോയ്ക്ക് കൊടുക്കാൻ ശ്രമിച്ച പാസ് പിടിച്ചെടുത്ത അകായ്ദിൻ പിന്നിലേക്ക് ശ്രദ്ധിക്കാതെ ഗോളിക്ക് ബാക് പാസ് നൽകി. സ്ഥാനം തെറ്റിനിന്ന ഗോളിയേയും കടന്ന് പന്ത് വലയിൽ. പന്നാലെ ഓടിയ അകായ്ദിൻ തട്ടിയകറ്റും മുമ്പ് പന്ത് വലയിൽ കയറിയിരുന്നു.

3-0

55-ാം മിനിട്ട്

ബ്രൂണോ ഫെർണാണ്ടസ്

ഗോളിയുമായി ഡ്രിബിൾ ചെയ്തതിന് ശേഷം സ്വന്തമായി സ്കോർ ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ പാസ് ബ്രൂണോ ഗോളാക്കി.

Advertisement
Advertisement