ബാറിൽ നിന്ന് ശീതളപാനീയം കുടിച്ച യുവാവിന് വായിൽ പൊള്ളലേറ്റു

Sunday 23 June 2024 12:05 AM IST

കൊല്ലം: ബാറിൽ നിന്ന് ശീതളപാനീയം കുടിച്ച യുവാവിന് വായിൽ പൊള്ളലേറ്റു. കടപ്പാക്കട പീപ്പിൾസ് നഗർ 82ൽ അമീർ നിസാറിനാണ് (32) പരിക്കേറ്റത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. രാവിലെ ബന്ധുവിനൊപ്പമാണ് ബാറിലെത്തിയത്. കുടിച്ച ഉടൻ അമീറിന്റെ ചുണ്ട് വീർക്കുകയും വായിൽ പൊള്ളലേൽക്കുകയുമായിരുന്നു. തുടർന്ന് ശീതളപാനിയം കുടിച്ചുനോക്കിയ ബന്ധുവിന്റെ വായിലും ചെറുതായി പൊള്ളലേറ്റു. ഇതേ ശീതള പാനീയം കുടിച്ച ബാർ ജീവനക്കാരനും പൊള്ളലേറ്റതായി വിവരമുണ്ട്.

അമീറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി അമീറിന്റെ മൊഴിയെടുത്തു. ശീതളപാനീയ കുപ്പി ഭക്ഷ്യസുരക്ഷ അധികൃതർ ബാറിലെത്തി ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ശീതളപാനീയത്തിന്റെ അലർജിയാകാം വാ പൊള്ളിയതിന് കാരണമെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പ്രാഥമിക നിഗമനം.

പരിശോധന ഫലം ലഭിക്കാൻ മൂന്ന് ദിവസം എടുക്കുമെന്നും ഇതിന് ശേഷമേ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു. അതേസമയം ജില്ലാ ആശുപത്രിയിൽ ഐ.സി.യു സംവിധാനം ഇല്ലാത്തതിനാൽ അമീറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഈസ്റ്റ് പൊലീസിൽ പരാതി നൽകിയതായി അമീറിന്റെ സുഹൃത്തുക്കൾ പറഞ്ഞു. പരാതി ലഭിച്ചിട്ടില്ലെന്ന് ഈസ്റ്റ് പൊലീസും പറഞ്ഞു.

Advertisement
Advertisement