മടക്കച്ചരക്കില്ലാതെ കൊല്ലം പോർട്ടിൽ കപ്പലടുക്കില്ല

Sunday 23 June 2024 12:26 AM IST

കൊല്ലം: എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിച്ചെങ്കിലും മടക്കച്ചരക്ക് ലഭിക്കാത്തതിനാൽ കൊല്ലം പോർട്ടിൽ കപ്പലുകൾ എത്തിക്കാൻ ഭയന്ന് ഷിപ്പിംഗ് ഏജന്റുമാർ. മടക്കച്ചരക്കില്ലാതെ കേരള മാരിടൈം ബോർഡിന്റെ തീരദേശ കപ്പൽ സർവീസ് കൊല്ലം പോർട്ടിൽ പാളിയിട്ടും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കൊല്ലത്തെ ഫാക്ടറികൾക്കായി പ്രതിവർഷം ശരാശരി 12000 ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നുണ്ട്. കൊല്ലത്ത് നേരിട്ടെത്തിയാൽ കാലിയായി മടങ്ങേണ്ടി വരുന്നതിനാൽ കൊല്ലത്തേക്കുള്ള തോട്ടണ്ടി കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങളിലാണ് എത്തിക്കുന്നത്. മാരിടൈം ബോർഡിന്റെ തീരദേശ സർവീസിന്റെ ഭാഗമായി എഫ്.സി.ഐയുടെ അരിയുമായി എത്തിയ കപ്പൽ ഒരാഴ്ച കൊല്ലത്ത് കാത്തുകിടന്നിട്ടും മടക്കച്ചരക്ക് ലഭിച്ചില്ല. ഇതേസമയം കൊല്ലത്ത് നിന്ന് കശുഅണ്ടിയും മത്സ്യവിഭവങ്ങളും കെ.എം.എം.എൽ, ഐ.ആർ.ഇ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ വഴിയാണ് കയറ്റിയയ്ക്കുന്നത്. കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ചരക്ക് ഗതാഗതം ശക്തമാക്കാൻ മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പലതവണ യോഗം ചേർന്നെങ്കിലും തുടർനടപടികളുണ്ടായില്ല.

കൂലിത്തർക്കവും പ്രശ്നം

 കൂലിയെ ചൊല്ലിയുള്ള ചുമട്ടുതൊഴിലാളി പ്രശ്നങ്ങളും തിരിച്ചടി

 2015ൽ കൊല്ലത്ത് തോട്ടണ്ടി എത്തിച്ച ഏജന്റിന് വലിയ നഷ്ടമുണ്ടായി

 പിടിച്ചുവാങ്ങിയത് അമിത ചുമട്ടുകൂലി

 പിന്നീട് കൊല്ലത്തേക്ക് നേരിട്ട് തോട്ടണ്ടി എത്തിയിട്ടില്ല

തോട്ടണ്ടി ഇറക്കുമതി

കാഷ്യു ബോർഡ്

2023-24- 14000 ടൺ

2022-23- 10000 ടൺ

സ്വകാര്യ കമ്പനികൾ

2023-24- 7500 ടൺ

2022-23- 8000 ടൺ

കൊച്ചി, തൂത്തുക്കുടി, കൊല്ലം എന്നീ തുറമുഖങ്ങളിൽ ഒരിടത്ത് തോട്ടണ്ടി എത്തിക്കാനാണ് കാഷ്യു ബോർഡ് ടെണ്ടർ ക്ഷണിക്കുന്നത്. എന്നാൽ ടെണ്ടർ പിടിക്കുന്നവർക്ക് തൂത്തുക്കുടിയിൽ എത്തിക്കാനാണ് താല്പര്യം. കൊല്ലത്ത് മടക്കച്ചരക്ക് ലഭിക്കാത്തതാണ് കാരണം.

എ.അലക്സാണ്ടർ, കാഷ്യു ബോർഡ് ചെയർമാൻ

Advertisement
Advertisement