ജില്ലയിൽ മൂന്നാഴ്ചക്കിടെ 180 പേർക്ക് ഡെങ്കിപ്പനി

Sunday 23 June 2024 12:29 AM IST

കൊല്ലം: ജില്ലയിൽ എലിപ്പനി - ഡെങ്കിപ്പനി ബാധിതരുടെയും എണ്ണം ദിനം പ്രതി വർദ്ധിക്കുന്നു. ഈ മാസം ഇതുവരെ 180 പേർക്ക് ഡെങ്കിയും എട്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 365 പേർക്ക് ഡെങ്കിയും 20 പേർക്ക് എലിപ്പനിയും സംശയിക്കുന്നു.

നെടുമൺകാവ് സ്വദേശിയായ 57 കാരന്റെയും ഇടമുളയ്ക്കൽ സ്വദേശിയായ 49 കാരിയുടെയും കുളക്കട സ്വദേശിയായ 43 കാരന്റെയും മരണം എലിപ്പനിമൂലമാണെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. എഴുകോൺ സ്വദേശിയായ 62 കാരിയും പാരിപ്പള്ളി സ്വദേശിയായ 48 കാരനുമാണ് എലിപ്പനി ബാധിച്ച് മരിച്ച മറ്റ് രണ്ടുപേർ. ശൂരനാട് സൗത്ത് സ്വദേശിയായ 31 കാരിയാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഉളിയക്കോവിൽ, പാരിപ്പള്ളി, മൈനാഗപ്പള്ളി, മൈലം, തൊടിയൂർ, ശൂരനാട് നോർത്ത്, ശൂരനാട് സൗത്ത് തുടങ്ങിയ ഇടങ്ങളിലാണ് ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഴ പെയ്ത് വെള്ളം കെട്ടിക്കിടക്കുന്നതാണ് കൊതുക് പെരുകാനുള്ള പ്രധാനകാരണം. ശുചീകരണ തൊഴിലാളികളും പശു, ആട് തുടങ്ങിയവയെ വളർത്തുന്നവരും മറ്റും ഡോക്‌സിസൈക്ലീൻ ഗുളിക കഴിക്കണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും പലരും കഴിക്കാറില്ല.

എലിപ്പനി

പ്രാരംഭ ലക്ഷണം - പനി, പേശിവേദന, തലവേദന, വയറുവേദന, ഛർദ്ദി, കണ്ണ് ചുവപ്പ്

രോഗവ്യാപനം - മലിനജല സമ്പർക്കം

രോഗം മൂർച്ഛിച്ചാൽ - കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും

മൂന്നാഴ്ചക്കിടെ മരിച്ചത് - 05 പേർ

ഡെങ്കിപ്പനി

പ്രാരംഭ ലക്ഷണം - കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദ്ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ, കണ്ണിന് പുറകിൽ വേദന

രോഗവ്യാപനം - ഈഡിസ്, ഈജിപ്തി ഇനത്തിലെ പെൺകൊതുകുകളുടെ കടി

രോഗം മൂർച്ഛിച്ചാൽ - ഛർദ്ദി, വയറുവേദന, കറുത്ത മലം, ശ്വാസംമുട്ടൽ, ശരീരം ചുവന്നുതടിക്കുക,

കഠിനമായ ക്ഷീണം,​ ശ്വാസതടസം,​ താഴ്ന്ന രക്തസമ്മർദ്ദം

മൂന്നാഴ്ചക്കിടെ മരിച്ചത് - 01 ആൾ

രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി അടിയന്തര ചികിത്സ ഉറപ്പാക്കണം.

ആരോഗ്യവകുപ്പ് അധികൃതർ

Advertisement
Advertisement