മോഹൻലാലിന്റെ സൂപ്പ‌ർ ഹിറ്റ് ചിത്രത്തിലൂടെ പ്രസിദ്ധമായ സ്ഥലം; രാത്രിയിൽ വലിയ വാഹനങ്ങളുടെ നിര

Sunday 23 June 2024 12:30 AM IST

തിരുവനന്തപുരം: സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ കിരീടത്തിലെ കണ്ണീർപൂവിന്റെ കവിളിൽ തലോടിയെന്ന അനശ്വര ഗാനത്തിൽ ഇടം പിടിച്ച പുഞ്ചക്കരിയും കിരീടം പാലവും. ഗാനരംഗത്ത് മോഹൻലാൽ ഹൃദയം തകരുന്ന വേദനയിലാണെങ്കിലും പ്രകൃതിഭംഗി നിറഞ്ഞ ഈ പ്രദേശത്തെത്തുന്ന ആരുടെയും ഹൃദയം നിറയും. കിരീടം പാലത്തിന്റെ നൊസ്റ്റാൾജിയ കൂടിയാകുമ്പോൾ വാക്കുകൾക്ക് അതീതമാകും അനുഭവം.

എന്നാൽ ഇന്ന് ആ നല്ല കാഴ്ചകൾ പതിയെ മായുന്ന സ്ഥിതിയാണ്.ഒരുവശത്ത് സർക്കാർ പ്രദേശത്തെ ടൂറിസം കേന്ദ്രമാക്കാൻ മുൻകൈയെടുക്കുമ്പോൾ മറുവശത്ത് പ്രദേശം മാലിന്യംകൊണ്ടുനിറയുന്നു. ജലസ്രോതസായ വെള്ളായണി കായലും ദിനംപ്രതി മലീമസമാകുന്നു. കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ തിരുവനന്തപുരത്തിന്റെ സംഭാവനയായ ഈ പ്രദേശം ഇന്ന് കടുത്ത മാലിന്യ ഭീഷണിയാണ് നേരിടുന്നത്.

നഗരത്തിലെ ഹോട്ടൽ മാലിന്യം, പഴം, പച്ചക്കറി മാലിന്യം, അറവുമാലിന്യം, വീടുകളിലെ മാലിന്യം എന്നിവയെല്ലാം നിക്ഷേപിക്കുന്നയിടമായി പ്രദേശം മാറുകയാണ്. രാത്രിയിൽ വലിയ വാഹനങ്ങളിലാണ് മാലിന്യങ്ങൾ എത്തിക്കുന്നത്. അടുത്തിടെ കിരീടം പാലത്തിന് എതിർവശത്തെ പാലപ്പൂർ ഭാഗത്തേക്കുള്ള ബണ്ട് റോഡ് പഞ്ചായത്ത് മണ്ണിട്ട് ഉയർത്തിയത് ഇരട്ടി ദുരിതമായി. ഇതിനായി ചുമതലപ്പെടുത്തിയ കരാറുകാരൻ നേമത്തെ ഉപയോഗശൂന്യമായിക്കിടന്ന കുളത്തിൽ നിന്നുള്ള ചെളികൊണ്ടാണ് ബണ്ട് ഉയർത്തിയത്.

ഇതോടെ കോഴിമാലിന്യങ്ങളും ആശുപത്രിമാലിന്യങ്ങളുൾപ്പെടെ ഇവിടെയെത്തി. ഇതോടെ ഈ റോഡിനെ ആശ്രയിച്ചിരുന്ന നൂറുക്കണക്കിന് ആളുകളും ദുരിതത്തിലായി. കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഈ മാലിന്യങ്ങൾ കായലിലേക്ക് ഒലിച്ചിറങ്ങാനും തുടങ്ങി. മഴയിൽ ബണ്ട്പൊട്ടി കൃഷി നശിക്കാതിരിക്കാൻ നല്ല മണ്ണിട്ട് ബണ്ട് ഉയർത്തണമെന്ന കർഷകരുടെ ആവശ്യം പഞ്ചായത്ത് നിറവേറ്റിയപ്പോൾ ഇരട്ടി ദുരിതമായി മാറുകയായിരുന്നു.

ഏകോപനമില്ല, ആരുണ്ട് ചോദിക്കാൻ !

മേലാംകോട്, പുഞ്ചക്കരി എന്നീ കോർപറേഷൻ വാർഡുകളും കല്ലിയൂർ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളും ചേരുന്നതാണ് പ്രദേശം. അതിനാൽ മാലിന്യനീക്കം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കോർപറേഷനും പഞ്ചായത്തും ഒത്തുചേർന്നുള്ള ഏകോപനമില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

മാലിന്യം തള്ളുന്നത് തടയാനോ ആവർത്തിക്കാതിരിക്കാനോ യാതൊരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നില്ല. അടുത്തിടെ പ്രദേശത്ത് അഴുകിയ ഓറഞ്ച് ഉൾപ്പെടെ വൻതോതിൽ കൊണ്ടുതള്ളിയിരുന്നു. പ്രഭാതസവാരിക്കെത്തുന്നവരുടെ കൂട്ടായ്മയായ പുഞ്ചക്കരി വാക്കേഴ്സ് ഫോറം അംഗങ്ങൾ മാലിന്യത്തിനിടെയിൽ നിന്ന് കിട്ടിയ കടലാസിലെ അഡ്രസിൽ നിന്ന് കട കണ്ടെത്തി. ഫോണിൽ വിളിച്ച് കള്ളി പൊളിച്ചതോടെ നഗരത്തിലെ കടയുടമ വാഹനമെത്തിച്ച് മാലിന്യം മാറ്റി.

Advertisement
Advertisement