2018ലെ പ്രളയത്തിൽ ആലുവയെ മുക്കിയതിന് പിന്നിലെ വില്ലൻ,​ പൊളിച്ചുനീക്കിയില്ലെങ്കിൽ 50 കിലോമീറ്റർ വ്യാപ്തിയിൽ വീണ്ടും വെള്ളപ്പൊക്കത്തിന് സാദ്ധ്യത

Sunday 23 June 2024 1:04 AM IST

കൊച്ചി: കൊച്ചി തുറമുഖത്തോട് ചേർന്ന് കിടക്കുന്ന കൊച്ചി, കുമ്പളങ്ങി, കണ്ണമാലി, പെരുമ്പടപ്പ്, ഇടക്കൊച്ചി ഉൾപ്പെടെയുള്ള കായൽ ഭാഗങ്ങളിലെ എക്കലും ചെളിയും നീക്കം ചെയ്യാൻ 14 കോടി അനുവദിച്ചിട്ടും ആയിര കണക്കിന് ജനങ്ങളെ ബാധിക്കുന്ന വടുതല ബണ്ട് പ്രശ്‌നത്തെ സംസ്ഥാന സർക്കാർ അവഗണിച്ചെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് കൊച്ചി കായലിന്റെ വിവിധ ഭാഗങ്ങളിലെ ഡ്രഡ്ജിംഗിന് 14 കോടി അനുവദിച്ചെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചത്. പദ്ധതിക്കായി ഡി.പി.ആർ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കെ.ജെ. മാക്‌സി എം.എൽ.എയുടെ സബ് മിഷന് മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ഇടക്കൊച്ചി-അരൂർ പാലം മുതൽ പെരുമ്പടപ്പ് കുമ്പളങ്ങി ഭാഗം വരെ വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടാൻ ഒമ്പതര കോടിയുടെയും പെരുമ്പടപ്പ് കുമ്പളങ്ങി പാലം മുതൽ കണ്ണമാലി ഭാഗം വരെ ആഴംകൂട്ടാൻ നാലര കോടിയുടെയും പദ്ധതിയാണ് തയ്യാറായിട്ടുള്ളതെന്നാണ് മന്ത്രി പറഞ്ഞത്.

വടുതല ബണ്ട് പ്രശ്നം

പന്ത്രണ്ടു വർഷം മുമ്പ് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിലേക്കുള്ള റെയിൽപ്പാതയുടെ കൂറ്റൻ തുണുകൾ കെട്ടിപ്പൊക്കാൻ കായലിൽ ഒരുക്കിയ താത്കാലിക ബണ്ട് മൂലം മണ്ണും ചെളിയും അടിഞ്ഞ് മൂന്നു കിലോമീറ്ററോളം വരുന്ന തടയണപോലെയായതും ബോട്ടുകൾക്കും വള്ളങ്ങൾക്കും കടന്നുപോകാൻ കഴിയുന്നില്ലെന്നതും നീരൊഴുക്ക് പേരിനുമാത്രമാണെന്നതും സർക്കാരിന് ബോദ്ധ്യപ്പെട്ടിട്ട് വർഷം രണ്ടായി. ജലവിഭവ സെക്രട്ടറി ഉൾപ്പെടെ നേരിട്ട് പരിശോധിച്ച് സർക്കാരിനും കോടതിക്കും റിപ്പോർട്ട് നൽകിയതുമാണ്. നടപടി മാത്രം ഉണ്ടായി​ല്ല.

ബണ്ട് നീക്കിയില്ലെങ്കിൽ അഴിമുഖത്ത് നിന്ന് 50 കിലോമീറ്റർ വ്യാപ്തിയിൽ ഗുരുതരമായ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ട് നൽകിയതും ജലവിഭവ വകുപ്പാണ്.

പ്രളയത്തി​ലെ വി​ല്ലൻ

2018ലെ പെരിയാറിലെ പ്രളയം ആലുവ, പറവൂർ മേഖലകളെ മുക്കിയതിന് പിന്നിൽ ഈ ബണ്ടാണെന്ന് വിദഗ്ദ്ധർ വിലയിരുത്തിയിരുന്നു. എന്നിട്ടും കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന ന്യായം പറഞ്ഞാണ് സർക്കാർ വടുതല ബണ്ട് നീക്കാനുള്ള നടപടികൾക്കൊരുങ്ങാത്തത്.

വേണമെങ്കി​ൽ തീരുമാനിക്കാം...

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബണ്ട് പൊളിച്ചു നീക്കാൻ ജില്ലാ കളക്ടർ മുതലുള്ളവർക്ക് അധികാരമുണ്ട്. ദുരന്ത നിവാരണത്തിന്റെ പദ്ധതിയിലുൾപ്പെടുത്തി നടപടിയെടുക്കണമെന്നു മാത്രം. 25 ലക്ഷം ഘന മീറ്റർ ചെളി നീക്കാൻ 25 കോടിക്കടുത്ത് ചെലവ് വേണമെന്നാണ് മുൻപത്തെ എസ്റ്റിമേറ്റ്. മണ്ണും ചെളിയും നിറഞ്ഞതിനാൽ വടുതല ഡോൺബോസ്‌കോ മുതൽ ഡി കൊച്ചിൻ ദ്വീപ് വരെയുള്ള 20ൽ 18 തൂണുകളുടെ ഇടയിലൂടെയും ഡി കൊച്ചിൻ ദ്വീപ് മുതൽ മുളവുകാട് വരെ 13ൽ 10 തൂണുകൾക്കിടയിലൂടെയും മത്സ്യബന്ധന യാനങ്ങൾക്ക് പോകാനാവില്ല. ഇതിനൊപ്പം വെള്ളപ്പൊക്ക സാദ്ധ്യത കൂടി കണക്കിലെടുത്ത് സർക്കാർ ബണ്ട് പൊളിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisement
Advertisement