അരിക്കടത്ത്: അന്വേഷണം ചെന്നൈയിലേക്കും

Sunday 23 June 2024 2:21 AM IST

കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ വഴി രാജ്യത്തിന് പുറത്തേക്ക് വൻതോതിൽ ബസ്‌മതി അരി കടത്താൻ ശ്രമിച്ച സ്ഥാപനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കസ്റ്റംസ്. ചെന്നൈയിലും കേരളത്തിലുമുള്ള വ്യാപാരികളാണ് പല ഘട്ടങ്ങളിലായി അരി കടത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇവരുടെ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. വൈകാതെ മൊഴി രേഖപ്പെടുത്തി തുടർനടപടികളിലേക്ക് കടക്കും.

ഉപ്പുചാക്കുകൾക്ക് പിന്നിലൊളിപ്പിച്ചാണ് ഒടുവിൽ അരി കടത്താൻ ശ്രമിച്ചത്. ഒരു മാസത്തിനിടെ 13 കണ്ടെയ്‌നർ അരി വല്ലാർപാടത്ത് പിടികൂടിയിരുന്നു. ഇതിന് നാലരക്കോടി രൂപ വിലയുണ്ട്. യു.കെയിലേക്കാണ് മൂന്ന് കണ്ടെയ്‌നർ അരി കടത്താൻ ശ്രമിച്ചത്.