മലിനമായ നി​രത്തുവക്കുകൾ പൂന്തോട്ടമാക്കി ഏലൂർ നഗരസഭ

Sunday 23 June 2024 2:31 AM IST
ഏലൂർ ഫാക്ട് ജംഗ്ഷന് സമീപം ഒരുക്കിയിരിക്കുന്ന പൂന്തോട്ടങ്ങളിലൊന്ന്

കൊച്ചി: മാലി​ന്യം കുന്നുകൂടി​, തെരുവുനായ്‌ക്കളുടെ വി​ഹാര കേന്ദ്രമായി​രുന്ന ഏലൂർ നി​രത്തുവക്കുകൾ ഇപ്പോൾ പൂന്തോട്ടമാണ്. നഗരസഭയുടെ 13.70 ലക്ഷം രൂപയും ഹരിതകർമ്മ സേനയി​ലെ 15 പേരുടെ അദ്ധ്വാനമാണ് മാറ്റത്തി​നു പി​ന്നി​ൽ.

മാലിന്യം പൊതുഇടങ്ങളിൽ നിക്ഷേപിക്കാതിരിക്കാനുള്ള ഒരു വലി​യ പദ്ധതിയുടെ ഭാഗമാണ് സ്‌നേഹാരാമങ്ങൾ. ചെറു കോൺക്രീറ്റ് റിംഗുകളിൽ പെയിന്റടിച്ച് മണ്ണുനിറച്ച് നഗരസഭയുടെ പേരും പതിച്ച് ചെത്തി​, ചെമ്പരത്തി​, മുല്ല, ജമന്തി​, സൂര്യകാന്തി​ പൂച്ചെടി​കൾ വച്ചുപി​ടി​പ്പി​ച്ചു. അടുത്ത ദി​വസങ്ങളി​ൽ മാവ്, പ്ളാവ്, ആര്യവേപ്പ് തുടങ്ങി​യ വൃക്ഷത്തൈകളും നടും.

പൂന്തോട്ടങ്ങളോട് ചേർന്ന് ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ ചുവർചിത്രങ്ങൾ ആലേഖനം ചെയ്യൽ, എൽ.ഇ.ഡി ബോർഡുകൾ സ്ഥാപിക്കൽ തുടങ്ങിയവയും നഗരസഭ ചെയ്തി​ട്ടു​ണ്ട്. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതി​ൽ ഭരണ, പ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടാണ്. ചെടികൾ വാങ്ങുന്നത് മുതൽ നട്ട് പരിപാലിക്കുന്നതിൽ വരെ ഹരിതകർമ്മസേനയുടെ അദ്ധ്വാനമുണ്ട്.

പാവകളിയും ഓട്ടൻതുള്ളലും

കുട്ടികളിൽ അവബോധമുണ്ടാക്കാൻ ശുചിത്വ സന്ദേശം ആലേഖനം ചെയ്ത സ്ലിപ്പുകൾ സ്‌കൂളുകളിൽ വിതരണം ചെയ്താണ് പദ്ധതി തുടങ്ങിയത്. പ്രധാന കവലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാവകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കലാരൂപങ്ങളിലൂടെയും ശുചിത്വ സന്ദേശം ജനങ്ങളിൽ എത്തിച്ചു.

ശുചിത്വ മിഷന്റെ 40ലക്ഷം

പൂന്തോട്ടമൊരുക്കൽ ഉൾപ്പെടെ 2025വരെയുള്ള ശുചിത്വ പ്രവർത്തനങ്ങൾക്ക് 40 ലക്ഷം രൂപ ശുചിത്വ മിഷൻ അനുവദിച്ചു. പൂന്തോട്ടങ്ങൾക്ക് മാത്രം 13,77, 304 രൂപ ചെലവഴിച്ചു.

ശുചിത്വ മിഷനിൽ നിന്ന് ലഭിച്ച തുക മ്യൂറൽ പെയിന്റിംഗ്, ഹരിത ഇലക്ഷൻ, പരിസ്ഥിതി ദിനം, ബോർഡുകൾ സ്ഥാപിക്കൽ, ചെടികൾ വാങ്ങൽ തുടങ്ങിയ കാര്യങ്ങൾക്കാണ് ചെലവഴിച്ചത്.


എറണാകുളം ജില്ലയിൽ ഇത്തരത്തിൽ ഏറ്റവുമധികം തുക ലഭിച്ചത് ഏലൂർ നഗരസഭയ്ക്കാണ്

എ.ഡി. സുജിൽ
ചെയർമാൻ, ഏലൂർ നഗരസഭ

Advertisement
Advertisement