ന്യൂനപക്ഷ പ്രീണനം വിനയായെന്ന് സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റി

Sunday 23 June 2024 2:34 AM IST

കോഴിക്കോട്: നാലാം തവണയും കോഴിക്കോട്ടെ പാർട്ടി കോട്ടകൾ തകർന്നതിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റി. ജില്ലയിലെ നേതാക്കളുടേതാണ് വീഴ്ചയെങ്കിൽ തിരുത്തിക്കണം. സംസ്ഥാന നേതൃത്വത്തിന്റേതും ഭരണത്തിന്റേതുമാണ് കോട്ടമെങ്കിൽ ആര് തിരുത്തും..അടിത്തട്ടിൽ മാത്രമല്ല നേതൃത്വത്തിലും അഴിച്ചുപണി വേണമെന്ന ആവശ്യവും ഉയർന്നു.

കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കുന്ന അവലോകന യോഗം ഇന്നും തുടരും.

പാർട്ടിയുടെ കുത്തക വോട്ടുകൾ ചോർത്തിയത് മത ന്യൂനപക്ഷങ്ങൾക്ക് പിന്നാലെ പോയതാണെന്നും ഒറ്റ വോട്ടു പോലും തിരിച്ചു വന്നിട്ടില്ലെന്നും എളമരം കരീമിന്റെ കനത്ത പരാജയം ചൂണ്ടിക്കാട്ടി നേതാക്കൾ വിമർശിച്ചു. സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകൾ ഈഴവ വിഭാഗത്തിന്റേതാണ്. അവരുടെ സമുദായ സംഘടനകൾ പറഞ്ഞാൽ പോലും ഇളകാതിരുന്ന വോട്ട് അവിടെത്തന്നെ നിൽക്കുമെന്നും പറക്കുന്ന പക്ഷിയെ പിടിക്കാമെന്നുമുള്ള മോഹമാണ് ഇത്ര വലിയ ആഘാതമുണ്ടാക്കിയത്. ന്യൂനപക്ഷ പ്രീണനത്തിനൊപ്പം സംസ്ഥാന സർക്കാരിനോടുള്ള അതൃപ്തിയുമാണ് പരാജയത്തിന് കാരണമായതെന്ന് വടകരയിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു. ലീഗ്-സമസ്ത തർക്കം മുതലെടുത്താൽ വോട്ട് കൂടുമെന്ന നിർദ്ദേശങ്ങളും പൊളിഞ്ഞു. ഇനിയെങ്കിലും കൂടെ നിൽക്കുന്നവരെ ചേർത്ത് നിർത്താനുള്ള നടപടികളുമായി പാർട്ടി മുന്നോട്ട് പോകണം.

മന്ത്രി പി.എ.മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിലായിരുന്നു യോഗം. മുഖ്യമന്ത്രിയെ പേരെടുത്ത് വിമർശിച്ചില്ലെങ്കിലും മന്ത്രിമാരും നേതൃത്വവും ജനങ്ങളിൽ നിന്നകന്നതും സപ്ലൈകോ വരെ നോക്കുകുത്തിയായതും പരാജയ കാരണങ്ങളായെന്ന് വിമർശനമുയർന്നു. എളമരം കരീമും പങ്കെടുത്തു.

Advertisement
Advertisement