മലപ്പുറത്ത് ശരീരത്തിൽ കമ്പി തുളഞ്ഞുകയറി രണ്ട് ബൈക്ക് യാത്രികർ മരിച്ചു, അപകടം പാലത്തിന്റെ കൈവരിയിൽ ബുള്ളറ്റ് ഇടിച്ചുകയറി

Sunday 23 June 2024 7:47 AM IST

മലപ്പുറം: പാലത്തിന്റെ കൈവരി നിർമ്മിക്കാൻ സ്ഥാപിച്ചിരുന്ന കമ്പികൾ ശരീരത്തിൽ തുളഞ്ഞുകയറി ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മലപ്പുറം വെളിയങ്കോടായിരുന്നു സംഭവം. വെളിയങ്കോട് അങ്ങാടി കിഴക്കുഭാഗം കപ്പിച്ചാർ പള്ളിക്ക് സമീപം താമസിക്കുന്ന ആഷിക്(19), ബന്ധുകൂടിയായ കരിങ്കല്ലത്താണി സ്വദേശി മാട്ടേരിവളപ്പിൽ ഫാസിൽ(19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.

ഇന്നലെ രാത്രി ഒമ്പതുമണിയോടെ ചാവക്കാട്- പൊന്നാനി ദേശീയപാതയിലായിരുന്നു അപകടം. ബുള്ളറ്റ് നിയന്ത്രണം വിട്ട് തെന്നിമറിയുകയും തുടർന്ന് പാലത്തിലേക്ക് ഇടിച്ചുകറുയകയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. വീഴ്ചയുടെ ആഘാതത്തിൽ കൈവരി വാർക്കാനായി സ്ഥാപിച്ചിരുന്ന കമ്പികൾ ഇവരുടെ ശരീരത്തിലേക്ക് തുളഞ്ഞുകയറി. നാട്ടുകാർ ഉൾപ്പടെയുള്ളവർ ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്ത് അടുത്തുളള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം മേൽമുറിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഇന്നത്തെ ദുരന്തം.

ഓട്ടോറിക്ഷയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മാതാപിതാക്കളും മകളുമാണ് മരിച്ചത്. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്‌റഫ്(45), സാജിദ(37), ഫിദ(15) എന്നിവരാണ് മരിച്ചത്. അഷ്‌റഫ് ആയിരുന്നു ഓട്ടോ ഓടിച്ചത്.

ഫിദയെ പ്ലസ് വണ്ണിന് ചേര്‍ക്കാന്‍ മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളിലേക്ക് വരുന്നതിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടമുണ്ടായത്. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് എതിരെ വന്ന ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. ഓട്ടോറിക്ഷ തെറ്റായ ദിശയിലാണ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഓട്ടോ വരുന്നതുകണ്ട് ബസ് വശത്തേക്ക് ഒതുക്കാൻ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും ഇതിനിടെ ഓട്ടോറിക്ഷ ഇടിച്ചുകയറുകയായിരുന്നു. അഷ്‌റഫും ഫിദയും തൽക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സാജിദ മരിച്ചത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൂവരും.

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്. ബസിൽ ഡ്രൈവർമാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ബസ് വരുന്നതുകണ്ടിട്ടും ഓട്ടോറിക്ഷ ബ്രേക്കുചെയ്യാൻ ശ്രമിച്ചില്ലെന്ന് ദൃക്‌സാക്ഷികളും പറയുന്നു.

Advertisement
Advertisement