നാട്ടിൽ ഇഷ്ടംപോലെ ഉണ്ടെങ്കിലും അത് ആർക്കും വേണ്ട, പക്ഷേ കിലോയ്ക്ക് 400 രൂപ നൽകി തമിഴന്റെ സാധനം വാങ്ങാൻ ഇടിയോടിടി

Sunday 23 June 2024 10:28 AM IST

പത്തനംതിട്ട: ആദ്യകാഴ്ചയിൽ തന്നെ വായിൽ വെള്ളമൂറും... കണ്ടാൽ വാങ്ങാതെ പോകാൻ തോന്നില്ല.. ഈ കുഞ്ഞൻ പഴത്തിന്റെ വില കിലോയ്ക്ക് 400 എന്നു കേൾക്കുമ്പോൾ ആരും ആദ്യമൊന്നുഞെട്ടും... പറഞ്ഞുവരുന്നത് പണ്ട് നമ്മുടെ പറമ്പിലും വഴിവക്കിലും ധാരാളമായി കണ്ടുവന്നിരുന്ന ഞാവൽപ്പഴത്തെപ്പറ്റിയാണ്. ഒരു ഇടവേളയ്ക്കുശേഷം പത്തനംതിട്ട റിംഗ് റോഡിലും ജില്ലയിലെ പ്രധാന പാതയുടെ അരുകിലുമെല്ലാം കൂടയിലും മേശപ്പുറത്തുമായി വി.വി.ഐ.പി പോലെയാണ് ഇവന്റെയിരുപ്പ്.


അന്നജവും ജീവകവും പ്രോട്ടീനും , കാത്സ്യവുമെല്ലാം അടങ്ങിയിരിക്കുന്ന ഞാവൽ ഔഷധഗുണം ഏറെയുള്ള പഴവർഗമാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ഞാവൽപ്പഴത്തിന് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഞാവലിന്റെ ഇലയ്ക്കും തടിയ്ക്കുമെല്ലാം ആന്റിബയോട്ടിക് ശേഷിയുണ്ട്. അതിനാൽ ആയുർവേദ വൈദ്യന്മാർ മരുന്നുണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്.
പണ്ട് നാട്ടിൽ സമൃദ്ധമായി കണ്ടിരുന്ന പഴവർഗമായിരുന്നെങ്കിലും വ്യാവസായിക അടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്നില്ല. തമിഴ്നാട്, അന്ധ്രാ ഉൾപ്പടെ യുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഞാവൽപ്പഴം വിൽപ്പനയ്ക്കായി ജില്ലയിൽ എത്തുന്നത്.

നാട്ടിലെ ഞാവൽ ആർക്കും വേണ്ട

ഞാവൽപ്പഴത്തിന്റെ സീസൺ സമയമാണ് ഇപ്പോഴെങ്കിലും നാട്ടിലുണ്ടാകുന്ന ഞാവൽപ്പഴം ആർക്കും വേണ്ടാത്ത അവസ്ഥയാണ്. മഴപെയ്തതോടെ പൊഴിഞ്ഞുവീണ് മരച്ചുവട്ടിൽ കിടന്നുതന്നെ അളിഞ്ഞുപോകാനാണ് നാട്ടിലെ ഞാവൽപ്പഴത്തിന്റെ വിധി. നിപ്പാ രോഗത്തിന്റെ വരവോടെ ഞാവലുകളും ഞർക്കിലൂകളും ഭക്ഷിക്കുന്നവയാണെന്ന് പേടിച്ച് പഴുത്ത് താഴെ വീഴുന്നതുപോലും ആരും എടുക്കാറില്ല. നാട്ടിലുണ്ടാകുന്ന ഞാവൽപ്പഴത്തേക്കാൾ വലിപ്പവും നിറവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ഞാവൽപ്പഴത്തിനുണ്ട്. അതുകൊണ്ടുതന്നെ കാണാൻ ഭംഗിയുള്ള ഇവ ചോദിക്കുന്ന വിലകൊടുത്ത് ആവശ്യക്കാർ വാങ്ങുകയാണ്.

Advertisement
Advertisement