എത്തിയത് അമിത വേഗത്തിൽ; കൊച്ചിയിലെ സ്വകാര്യ ബസ് അപകടത്തിൽ ഡ്രൈവർ കസ്റ്റഡിയിൽ

Sunday 23 June 2024 4:54 PM IST

കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് അപകടത്തിൽ ബസ് ‌‌ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശി പാൽ പാണ്ടിയാണ് അറസ്റ്റിലായത്. അപകടത്തിൽ നിസാര പരിക്കേറ്റ ഇയാളെ പ്രാഥമിക ചികിത്സയ്ക്കുശേഷമാണ് കസ്റ്റഡിയിലെടുത്തത്. അമിത വേഗത്തിലെത്തിയ ബസ് അടുത്തുള്ള പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെ മൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

ട്രാഫിക് സിഗ്നലിൽ ഇടിച്ച ബസ് ബെെക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബെെക്ക് യാത്രക്കാരൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഏഴ് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്.

ബംഗളൂരുവിൽ നിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01ജി 2864 നമ്പർ കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ദേശീയ പാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബെെക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ബസിൽ 42 പേർ ഉണ്ടായിരുന്നതായാണ് വിവരം.