അന്ത്യയാത്രയിലും ഒരുമിച്ച് ബാല്യകാല സുഹൃത്തുക്കൾ
തൃപ്പൂണിത്തുറ: ഉദയംപേരൂർ പത്താം മൈലിൽ ശനിയാഴ്ച രാത്രി ബൈക്ക് മീഡിയയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഉദയംപേരൂർ വലിയകുളം അരയവെളി വീട്ടിൽ വിജയന്റെ മകൻ ഇന്ദുചൂഡൻ (20), കൊച്ചുപള്ളി എം.എൽ.എ റോഡിനു സമീപം കാട്ടിപുല്ലുകാട്ട് അജേഷിന്റെ മകൻ ആദിത്യൻ (21) എന്നിവർ സ്കൂൾ പഠനകാലം മുതലേ ഉറ്റ സുഹൃത്തുക്കളായിരുന്നു. ദുരന്തം നടന്ന രാത്രിയിൽ പുറത്തേക്ക് പോകാൻ ആദിത്യൻ സുഹൃത്തിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും കൊച്ചുപള്ളി ഭാഗത്തു നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേക്കു വരുമ്പോൾ ബൈക്ക് പത്താം മൈൽ മീഡിയൻ അവസാനിക്കുന്ന ഭാഗത്ത് മീഡിയനിൽ തട്ടി സമീപത്തെ റിഫ്ലക്റ്ററിൽ ഇടിച്ച ശേഷം എതിരെ വന്ന കാറിന്റെ അടിയിലേക്കു വീഴുകയായിരുന്നു.
കാഞ്ഞിരമറ്റം സ്കൂളിൽ ഒന്നിച്ചു പഠിച്ചപ്പോഴാണ് ഇരുവരും സുഹൃത്തുക്കളായത്. എ.സി മെക്കാനിക്ക് കോഴ്സ് പഠിച്ചതിനു ശേഷം മറൈൻ എൻജിനിയറിംഗ് കോഴ്സ് ചെയ്യുകയായിരുന്നു ഇന്ദുചൂഡൻ. അപകടത്തിൽ പൂർണ്ണമായും തകർന്ന ബൈക്ക് മാർച്ചിൽ വാങ്ങിയതാണ്. അതിന്റെ മാസ തവണ അടയ്ക്കാനുള്ള തുക കണ്ടെത്താൻ അമ്മാവന്റെ കൂടെ നിർമ്മാണ മേഖലയിൽ ജോലിക്ക് പോയിരുന്നു. വിദേശ ജോലി എന്ന സ്വപ്നം പൂർത്തിയാക്കാൻ കഴിയാതെയാണ് മടക്കം.
ആദിത്യൻ പ്ലസ് ടു കഴിഞ്ഞ് സർവേ കോഴ്സിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. മികച്ച ഫുട്ബാൾ കളിക്കാരനുമായിരുന്നു.
ഇന്ദുചൂഡന്റെ സംസ്കാരം തൃപ്പൂണിത്തുറ ശ്മശാനത്തിലും ആദിത്യന്റെ സംസ്കാരം ഉദയംപേരൂർ ശ്മശാനത്തിലും നടത്തി. രജനിയാണ് ഇന്ദുചൂഡന്റെ അമ്മ. സഹോദരി: ഇന്ദുലേഖ. അജിതയാണ് ആദിത്യന്റെ അമ്മ. സഹോദരൻ: അഭിനന്ദ്.
ആളെക്കൊല്ലി മീഡിയൻ
തൃപ്പൂണിത്തുറ: വൈക്കം റോഡിലെ കൊടും വളവായ ഉദയംപേരൂർ പത്താം മൈലിൽ അപകടങ്ങൾ പതിവായതോടെയാണ് നാട്ടുകാരുടെ നിരന്തര പ്രതിഷേധത്തെ തുടർന്ന് മീഡിയൻ സ്ഥാപിച്ചത്. അതിനുശേഷവും പത്തിലേറെ പേർ ഇവിടെ അപകടത്തിൽ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഉദയംപേരൂർ നിവാസികളും സുഹൃത്തുക്കളുമായ ഇന്ദുചൂഡനും ആദിത്യനുമാണ് ഇവിടുത്തെ അവസാനത്തെ ഇരകൾ. അപകടക്കെണിയായ മീഡിയൻ ശാസ്ത്രീയമായി പുനർ നിർമ്മിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. അപകടങ്ങൾ ഒഴിവാക്കാൻ സ്ഥാപിക്കുന്ന റിഫ്ലക്ടറുകൾ പലപ്പോഴും വാഹനങ്ങൾ ഇടിച്ചു വീണുപോകുകയാണ്. ഉദയംപേരൂർ ഐ.ഒ.സിയിൽ വന്നു പോകുന്ന ടാങ്കർ ലോറികൾ കൃത്യമായ അപകട സൂചന ഇല്ലാത്തതിനാൽ മീഡിയനിൽ കുടുങ്ങുന്നതും പതിവാണ്.