സംസ്ഥാന ഇന്റർപോളി കലോത്സവം: കൊട്ടിയം ശ്രീനാരായണ കോളേജിന് കലാകിരീടം

Sunday 23 June 2024 7:23 PM IST

കുന്നംകുളം: സംസ്ഥാന ഇന്റർപോളി കലോത്സവത്തിൽ 222 പോയിന്റുമായി കൊട്ടിയം ശ്രീനാരായണ കോളേജ് ജേതാക്കളായി. 191 പോയിന്റ് നേടിയ കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃപ്രയാർ ശ്രീരാമ കോളേജാണ് രണ്ടാം സ്ഥാനത്ത്. 164 പോയിന്റ് നേടിയ പാലക്കാട് പോളിടെക്‌നിക്കിനാണ് മൂന്നാം സ്ഥാനം.

സമാപന സമ്മേളനവും വിജയികൾക്കുള്ള കിരീടദാനവും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.എൻ.സീമ ഉദ്ഘാടനം ചെയ്തു. ഇന്റർ പോളി യൂണിയൻ വൈസ് ചെയർമാൻ സാംസൺ ആന്റണി അദ്ധ്യക്ഷനായി. ഇന്റർപോളി യൂണിയൻ ചെയർമാൻ ആർ.ആദർശ്,കുന്നംകുളം ഗവ.പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പൽ എസ്.സുരേഷ് കുമാർ,യൂണിയൻ ജനറൽ സെക്രട്ടറി എസ്.ആർ.അർജുൻ,പി.വിനോദ്,യദു കൃഷ്ണ,സി.മിർഫ എന്നിവർ സംസാരിച്ചു.

അതേസമയം കലോത്സവത്തിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 30 ഓളം പേർക്കെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.

ആദിത്യനും ആഞ്ചലും ആസിയ നൗഷാദും താരങ്ങൾ

അളഗപ്പനഗർ ത്യാഗരാജർ പോളിടെക്‌നിക് കോളേജിലെ ആഞ്ചൽ ഷാജുവിനെയും വെണ്ണിക്കുളം എം.വി.ജി.എം ഗവ. പോളിടെക്‌നിക് കോളേജിലെ എസ്.ആദിത്യനെയും കലാപ്രതിഭയായി തെരഞ്ഞെടുത്തു. ഇരുവരും 15 പോയിന്റ് വീതം നേടി. ആസിയ നൗഷാദാണ് കലാതിലകം.