സുരേഷ് ഗോപിക്ക് ഇപ്പോഴും കമ്മിഷണർ സിനിമയിലെ പൊലീസ് ഓഫീസർ ആണെന്ന ധാരണ,​ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി

Sunday 23 June 2024 7:26 PM IST

തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിമ്പിക് റണ്ണിന്റെ ഉദ്ഘാടന വേദിയിൽ കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് മന്ത്രി വി.ശിവൻകുട്ടി ആരോപിച്ചു.

ദേശീയ ഗാനാലാപനത്തിന് ശേഷം പ്രസംഗവും അതിന് ശേഷം ഒളിമ്പിക് റണ്ണിന്റെ ഫ്ലാഗ് ഓഫുമായിരുന്നു ഗവർണർ നടത്തേണ്ടിയിരുന്നത്. എന്നാൽ ഗവർണർ പങ്കെടുത്ത ചടങ്ങ് തുടങ്ങിയപ്പോൾ തന്ന ബഹിഷ്‌കരണമെന്നോണം സുരേഷ് ഗോപി വേദിയിൽ നിന്നിറങ്ങി വിദ്യാർത്ഥികൾക്കിടയിൽ ചെന്നു നിന്ന് ഫ്ലാഗ് ഓഫ് നടത്തി. ഗവർണർ ,​ പൊതുവിദ്യാഭ്യാസ മന്ത്രി ,​ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി,​ ചീഫ് സെക്രട്ടറി തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു ഇത്. ഗവർണറെയും ദേശീയഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് സുരേഷ് ഗോപി കൈക്കൊണ്ടതെന്നും ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നും ശിവൻകുട്ടി പറഞ്ഞു.

പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടീസിൽ സുരേഷ്‌ഗോപിയുടെ പേരില്ലായിരുന്നു. രാവിലെ പ്രോഗ്രാം നോട്ടീസിലാണ് സുരേഷ് ഗോപിയുടെ പേര് ഇടം പിടിച്ചത്. കമ്മിഷണർ സിനിമയിലെ പൊലീസ് ഓഫീസർ ആണ് താൻ ഇപ്പോഴും എന്ന ധാരണയിലാണ് സുരേഷ് ഗോപിയെന്നും ജനപ്രതിനിധിയാണെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
Advertisement