സംസ്ഥാന നേതാക്കളുമായി ബന്ധം പുലർത്തി പുറത്താക്കപ്പെട്ടവർ  ഔദ്യോഗിക വിഭാഗത്തിനെതിരെ നിലപാട് കടുപ്പിക്കും 

Monday 24 June 2024 12:20 AM IST
4 കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കി

കാസർകോട്: ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സത്കാരത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾക്കെതിരെ കോൺഗ്രസ് നേതൃത്വം സ്വീകരിച്ച കടുത്ത നടപടിക്കെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാകുന്നു. നടപടിക്ക് വിധേയരായ ബാലകൃഷ്ണൻ പെരിയ, ജ്യേഷ്ഠ സഹോദരൻ രാജൻ പെരിയ, പ്രമോദ് പെരിയ, പെരിയ സഹകരണ ബാങ്ക് പ്രസിഡന്റ് രാമകൃഷ്ണൻ എന്നിവർക്ക് അനുകൂലമായി കോൺഗ്രസ് പ്രവർത്തകർ പരസ്യമായി രംഗത്തുവരുന്നതും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ ഇറങ്ങിയതും പാർട്ടി നേതൃത്വത്തെ അമ്പരിപ്പിച്ചിട്ടുണ്ട്.

കെ.പി.സി.സി നേതൃത്വത്തിലുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി നാലുപേരും ബന്ധം പുലർത്തി വരികയാണ്. അവരുടെ പിന്തുണനേടിയ ശേഷം ജില്ലയിൽ ഔദ്യോഗിക വിഭാഗത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് നീക്കം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ ഉദുമ മണ്ഡലത്തിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും ഈ നടപടി വലിയ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

സസ്‌പെൻഷൻ നടപടി സ്വീകരിക്കുന്നതിനു പകരം പാർട്ടിയുടെ അംഗത്വത്തിൽ നിന്നുതന്നെ പുറത്താക്കിയ നടപടി കേട്ടുകേൾവി ഇല്ലാത്തതാണെന്ന് പ്രവർത്തകർ പറയുന്നു. ഒട്ടനേകം ഭീഷണികളെ ചെറുത്തും വെല്ലിവിളികളെ അതിജീവിച്ചും പാർട്ടിയുടെ വളർച്ചയ്ക്കു വേണ്ടി ചെറുപ്പകാലം മുതൽ ജീവിതം മാറ്റിവെച്ച സഹോദരങ്ങൾ അടക്കമുള്ളവരെ ഒറ്റയടിക്ക് പുറത്താക്കിയത് കോൺഗ്രസിലെ കീഴ്‍വഴക്കങ്ങളുടെയും ഭരണഘടനയുടെയും പരസ്യമായ ലംഘനമാണെന്ന് പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. പെരിയ കേസിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന കോൺഗ്രസ് നിലപാട് ആഴത്തിൽ ഉറപ്പിക്കുന്നതാണ് നടപടി എന്ന് പറയാമെങ്കിലും ആ വിവാഹ സത്കാരത്തിൽ പങ്കെടുത്ത മറ്റു പലരെയും ഒഴിവാക്കി ഈ നാലു നേതാക്കൾക്കെതിരെ മാത്രം നടപടി സ്വീകരിച്ചതാണ് പാർട്ടി പ്രവർത്തകർ ചോദ്യം ചെയ്യുന്നത്.

കോൺഗ്രസ് നിയന്ത്രണത്തിലുള്ള പെരിയ സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റാണ് ടി. രാമകൃഷ്ണൻ. വിവാഹ സത്കാരം നടന്ന പെരിയ മൊയോളത്തെ ഓഡിറ്റോറിയം രാജൻ പെരിയയുടെ മകളുടെ ഉടമസ്ഥതയിലുള്ളതാണ്. രാഷ്ട്രീയം നോക്കിയല്ല ഓഡിറ്റോറിയം വാടകയ്ക്ക് നൽകുന്നതെന്ന വാദവും കോൺഗ്രസ് പ്രവർത്തകർ ശരിവെക്കുകയാണ്.

Advertisement
Advertisement