ക്യൂആർ കോഡും കുട്ടീസ് ടി.വിയും പഠനം ഇവിടെ വേറെ ലെവൽ..
പിലിക്കോട്: മൊബൈൽ ഫോണെടുത്ത് ഒന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്താൽ മതി, ക്ലാസ് മുറികളിൽ നടക്കുന്ന പഠന പ്രവർത്തനങ്ങൾ കാണാം. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിലാണ് ആധുനിക സാങ്കേതിക വിദ്യയിൽ പുതിയ സംവിധാനം ഒരുക്കിയത്. ക്ളാസ് പി.ടി.എ യോഗത്തിനെത്തിയ രക്ഷിതാക്കളെല്ലാം തങ്ങളുടെ കുട്ടികളുടെ ക്ളാസ് മുറിയിലെ പ്രവർത്തനങ്ങളെ കൗതുകത്തോടെയാണ് കണ്ടത്.
സ്കൂളിലെ നാലാം ക്ളാസിലാണ് ആദ്യ ഘട്ടമെന്ന നിലയിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതേ വിദ്യാലയത്തിൽ കുട്ടീസ് ടി.വി വാർത്തകൾ എന്ന പേരിൽ പ്രതിവാര വാർത്താ സംപ്രേഷണമുണ്ട്. കുട്ടികൾ അവതാരകരാകുന്ന വാർത്തയും ചുമരിലെ ക്യൂ ആർ കോഡ് വഴി കാണാം. ജൂൺ മാസത്തിൽ ക്ലാസ് മുറിയിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, കുട്ടികളുടെ അവതരണങ്ങൾ എന്നിവയെല്ലാം ഇപ്പോൾ ക്യൂ ആർ കോഡുകളായി മാറിക്കഴിഞ്ഞു. സ്കൂളിലേക്ക് ആര് വന്നാലും ക്ലാസ് പ്രവർത്തനങ്ങൾ സ്കാൻ ചെയ്ത് കാണാം എന്നതാണ് പ്രത്യേകത.
വേറിട്ട രീതിയിലാണ് ഇവിടുത്തെ ക്ളാസ് പി.ടി.എ യോഗം. ചുമരിൽ പൊട്ട് തൊട്ട് ഹാജർ, വീടുകളിൽ നിന്ന് വിഭവങ്ങൾ, രക്ഷിതാക്കൾക്ക് ഉണർത്ത് പ്രവർത്തനം എന്നിവയെല്ലാം യോഗത്തിലുണ്ട്. എല്ലാ യോഗത്തിലും പങ്കെടുക്കുന്ന രക്ഷിതാക്കൾക്ക് വർഷാവസാനം ബെസ്റ്റ് പാരന്റ് അവാർഡും ഉണ്ട്. നാലാം ക്ലാസ് പി.ടി.എ കൂട്ടായ്മ ഇക്കുറി ക്ലാസ് മുറികൾ വർണ്ണാഭമാക്കുകയും ചെയ്തു. ചിത്രങ്ങൾ വരച്ച സുഗേഷിനെയും കുടുംബാംഗങ്ങളെയും ഉപഹാരം നൽകി ആദരിച്ചു.