ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോട്

Monday 24 June 2024 1:39 AM IST

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ സാഹിത്യനഗരമായി കോഴിക്കോട് അറിയപ്പെടും. സാഹിത്യ നഗരമായി കോഴിക്കോടിനെ യുനെസ്‌കോ തിരഞ്ഞെടുത്തതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. കേരളത്തിനും രാജ്യത്തിനും അഭിമാനിക്കാവുന്ന നേട്ടമാണ് കോഴിക്കോടിന് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി കോർപ്പറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി എം.ബി. രാജേഷ് പുരസ്കാരം സമർപ്പിച്ചു. സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശവും വെബ് സൈറ്റ് ഉദ്ഘാടനവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. സാഹിത്യ നഗര കേന്ദ്രത്തിന്റെ പ്രഖ്യാപനം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ, കവി പി.കെ. ഗോപി, പുരുഷൻ കടലുണ്ടി, ടി.വി. ബാലൻ, എ. പ്രദീപ്കുമാർ, ടി.പി. ദാസൻ, പി.കെ. നാസർ, കെ. കൃഷ്ണകുമാരി, എസ്. ജയശ്രീ, ടി. റനീഷ്, എൻ.സി. മോയിൻകുട്ടി, ഡോ. ഫിറോസ്, ഡോ. അജിത്ത് കാളിയത്ത് എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് സ്വാഗതവും നഗരസഭ സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു.

Advertisement
Advertisement