ഗൗതം അദാനിയുടെ ശമ്പളം 9.26 കോടി രൂപ മാത്രം
സഹവ്യവസായികളെക്കാൾ കുറഞ്ഞ ശമ്പളം വാങ്ങി ഗൗതം അദാനി
കൊച്ചി: അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ശമ്പളമായി വാങ്ങിയത് 9.26 കോടി രൂപ മാത്രം. രാജ്യത്തെ മുൻനിര വ്യവസായികളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ് ഈ തുകയെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അദാനി ഗ്രൂപ്പിൽ ഗൗതം അദാനിയേക്കാൾ ഉയർന്ന ശമ്പളം വാങ്ങുന്ന നിരവധി പേരുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ ഗൗതം അദാനിയുടെ ഉടമസ്ഥതയിൽ തുറമുഖങ്ങളും സിമന്റും മുതൽ ഹരിത ഇന്ധനം വരെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന പത്ത് കമ്പനികളാണുള്ളത്. ഇതിൽ രണ്ട് കമ്പനികളിൽ നിന്ന് മാത്രമാണ് അദ്ദേഹം ശമ്പളം വാങ്ങിയത്.
ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിൽ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി 2.19 കോടി രൂപയും മറ്റിനത്തിൽ 27 ലക്ഷം രൂപയും ലഭിച്ചെന്ന് കമ്പനി സ്‌റ്റോക്ക് എക്‌സ്ചേഞ്ചുകളിൽ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നു. അദാനി പോർട്ട്സ് ആൻഡ് എസ്. ഇ. ഇസഡിൽ നിന്ന് 6.8 കോടി രൂപയും ശമ്പളയിനത്തിൽ വാങ്ങി. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി കൊവിഡ് രോഗവ്യാപന കാലത്തിന് ശേഷം പരമാവധി ശമ്പളം 15 കോടി രൂപയായി നിജപ്പെടുത്തിയിരുന്നു.
വ്യവസായ തലവന്മാർ ശമ്പളം
മുകേഷ് അംബാനി 15 കോടി രൂപ
ഗൗതം അദാനി 9.26 കോടി രൂപ
സുനിൽ ഭാരതി മിത്തൽ 16.7 കോടി രൂപ
രാജീവ് ബജാജ് 53.7 കോടി രൂപ
പവൻ മുഞ്ജാൽ 80 കോടി രൂപ