വൻ വിപുലീകരണത്തിനൊരുങ്ങി എസ്.ബി.ഐ
Monday 24 June 2024 12:08 AM IST
കൊച്ചി: രാജ്യമൊട്ടാകെ നാനൂറ് പുതിയ ശാഖകൾ ആരംഭിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) വൻ വിപുലീകരണത്തിനൊരുങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 59 ഗ്രാമീണ ശാഖകൾ ഉൾപ്പെടെ 137 ശാഖകൾ തുറന്നിരുന്നു. മികച്ച വളർച്ച സാദ്ധ്യതകളുള്ള സ്ഥലങ്ങൾ കണ്ടെത്തി പ്രവർത്തനം വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് എസ്.ബി.ഐ ചെയർമാൻ ദിനേഷ് കുമാർ ഖാര പറഞ്ഞു. മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് എസ്.ബി.ഐക്ക് രാജ്യമൊട്ടാകെ 22,542 ശാഖകളാണുള്ളത്. എസ്.ബി.ഐ ജനറൽ ഇൻഷ്വറൻസ്, എസ്.ബി.ഐ പേയ്‌മെന്റ്സ് ബാങ്ക് തുടങ്ങിയ ഉപ കമ്പനികളുടെ ഓഹരി വിൽപ്പന ഉചിതമായ സമയത്ത് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.