ടി.പി കേസ് പ്രതികൾക്കായി നടന്നത് രാഷ്ട്രീയ നീക്കം

Monday 24 June 2024 3:04 PM IST

ശിക്ഷായിളവിനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് പി. ജയരാജൻ അംഗമായ സമിതി

കണ്ണൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷായിളവ് നൽകുന്നതിനായി തയ്യാറാക്കിയ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികളെ ഉൾപ്പെടുത്തിയത് രാഷ്ട്രീയ നീക്കം. സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജൻ അംഗമായ കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയാണ് 56 പേരുടെ പട്ടികയിൽ ടി.പി കേസിലെ നാലുമുതൽ ആറുവരെ പ്രതികളായ ടി.കെ. രജീഷ്, ഷാഫി, അണ്ണൻ സിജിത്ത് എന്നിവരെ ഉൾപ്പെടുത്തിയത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പൊലീസിന് നൽകിയ കത്ത് പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. 20 വർഷം വരെശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി ശിക്ഷിച്ച തടവുകാരെ പുറത്തിറക്കാനുള്ള നീക്കമാണ് നടന്നത്.

കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. പത്തു വർഷം ജയിലിൽ കിടന്നവരെന്ന നിലയിൽ പട്ടികയിൽ ടി.പി. കേസ് പ്രതികൾ സ്വാഭാവികമായി ഉൾപ്പെടുകയായിരുന്നുവെന്നും, ഈ പ്രതികൾക്ക് ശിക്ഷാ ഇളവുകൾ നൽകരുതെന്ന ഹൈക്കോടതി ഉത്തരവ് ജയിൽ സൂപ്രണ്ട് ശ്രദ്ധിച്ചിട്ടുണ്ടാകില്ലെന്നുമാണ് ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞത്. . 2016 മുതൽ പി. ജയരാജൻ കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയിലുണ്ട്. ജയിലിന്റെ നടത്തിപ്പുമായും തടവുപുള്ളികളുടെ മോചനം, ജയിൽ മാറ്റം തുടങ്ങിയ കാര്യങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങൾ തീരുമാനിക്കുന്നതിനുള്ളതാണ് ജയിൽ ഉപദേശക സമിതി. ജയിൽ ഡി.ജി.പി ചെയർമാനായുള്ള സമിതിയിൽ ജില്ലാ സെഷൻസ് ജഡ്ജി, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ ഔദ്യോഗിക അംഗങ്ങളാണ്.