ആവേശത്തോടെ വിദേശ നിക്ഷേപകർ
കൊച്ചി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ സാമ്പത്തിക പരിഷ്‌കരണ നടപടികൾക്കൊപ്പം പങ്കാളിത്ത വികസനത്തിനും ലക്ഷ്യമിടുന്ന നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ വീണ്ടും സജീവമാകുന്നു. സാമ്പത്തിക വളർച്ച മുന്നോട്ടുകൊണ്ടുപോകുന്ന നയം തുടരുമെന്ന് വിദേശ ധന സ്ഥാപനങ്ങളും വൻകിട ഫണ്ടുകളും വിലയിരുത്തുന്നു. ഇതോടെ കഴിഞ്ഞ വാരം വിദേശ സ്ഥാപനങ്ങൾ 12,170 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യയിൽ വാങ്ങിയത്. തിരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം ശക്തമായതോടെ മേയിൽ വിദേശ നിക്ഷേപകർ 25,000 കോടി രൂപയിലധികമാണ് പിൻവലിച്ചത്.
അമേരിക്കയിലെ സാമ്പത്തിക വളർച്ച നിരക്കും ബാങ്കുകളുടെ കാര്യക്ഷമത ശേഷി പരിശോധന ഫലങ്ങളുമാകും ഈ വാരം വിപണിയുടെ ഗതി നിർണയിക്കുക. ആഭ്യന്തര നിക്ഷേപകർ ആവേശത്തോടെ ഓഹരികൾ വാങ്ങി കൂട്ടുന്നതിനാൽ ഇന്ത്യൻ വിപണിയിൽ വലിയ സാദ്ധ്യതകളുണ്ടെന്ന് അവർ വിലയിരുത്തുന്നു.