ഡോക്ടർക്കെതിരെ കൈക്കൂലി പരാതി,​ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

Monday 24 June 2024 1:13 AM IST

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ വീട്ടമ്മ ഉന്നയിച്ച പരാതിയിൽ

അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർക്ക് മന്ത്രി വീണാജോ‌ർജ് നിർദ്ദേശം നൽകി. ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് തൃക്കുന്നപ്പുഴ വലിയപറമ്പ് ബീനാഭവനത്തിൽ എസ്.ബീന സമൂഹമാദ്ധ്യമങ്ങളിലും

മന്ത്രിക്ക് ഇ- മെയിലായി അയച്ച പരാതിയിലും ഉന്നയിച്ചത്.

ബീനയുടെ ഭർത്താവ് അനിമോനെ കാലിൽ അണുബാധയെത്തുടർന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 17ന് പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ശസ്ത്രക്രിയ. തുടർന്ന് പരിശോധിക്കാനായി സൂപ്രണ്ട് ഡോ.സുനിലിന് 2000 രൂപ നൽകിയെന്നും എന്നാൽ 5000 ആവശ്യപ്പെടുകയാണ് ചെയ്തതെന്നും ബീനയുടെ പരാതിയിൽ പറയുന്നു. രോഗിയുടെ വേദന അസഹ്യമായിട്ടും മരവിപ്പിക്കാതെ മുറിവ് കീറി. തുടർപരിചരണം നൽകാതെ ഡിസ്‌ചാർജ് ചെയ്തെന്നും അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്.

യുവതിയുടെ പരാതിയെത്തുടർന്ന് സുരക്ഷാ ജീവനക്കാരനായ ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡി.എം.ഒ അറിയിച്ചു.

പരാതിയിൽ പറയുന്നത്:

14ന് കാലിന്റെ പാദത്തിന്റെ അടിഭാഗം വൃണമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തി സൂപ്രണ്ട് ഡോ.സുനിലിലെ കാണിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 17ന് രാവിലെ 9ന് ഒ.പി യിൽ എത്തി വീണ്ടും ഡോക്ടറിനെ കണ്ടു. 10 മണിയോടെ അഡ്മിറ്റ് ചെയ്യുകയും ഡ്രെസിംഗ് റൂമിൽ കാത്തിരിക്കാൻ പറയുകയും ചെയ്തു. 12 മണി കഴിഞ്ഞിട്ടും ഡോക്ടർ എത്തിയില്ല.

വീണ്ടും ഡോക്ടറെ സമീപിച്ചപ്പോൾ മാത്രമാണ് എത്തിയത്. മുറിവ് കീറിയശേഷം, ബുധനാഴ്ച ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞു. സർജറി വാർഡിൽ സ്ഥലമില്ലാഞ്ഞതിനാൽ അഞ്ച് ദിവസത്തേക്ക് പേ വാർഡിൽ മുറി എടുത്തു. 19ന് ഉച്ചയ്ക്ക് 1.30 ഓടെ ഓപ്പറേഷൻ നടത്തി. തുടർന്ന് കാല് വീണ്ടും മോശം അവസ്ഥയിലാണെന്നും നാളെ അഴിച്ചു നോക്കിയിട്ട് മെഡിക്കൽ കോളേജിലേക്ക് പോകണമെങ്കിൽ പറയാമെന്നും അറിയിച്ചു. എന്നാൽ,​ അടുത്ത ദിവസം ഡോക്ടർ എത്തിയില്ല. ഭർത്താവ് വേദനകൊണ്ട് നിലവിളിച്ചതോടെ ഡോക്ടറിനെ കണ്ട് കാര്യം പറഞ്ഞു. മൂന്ന് മണിക്കുശേഷം പേ വാർഡിൽ എത്തിയ ഡോക്ടർ റൂമിന്റെ വാതിൽ വരെ വന്ന് നഴ്സിനോട് സംസാരിച്ചിട്ട് പോയി. കാശ് കൊടുക്കാത്തതിനാലാണെന്ന് മറ്റുള്ളവർ പറഞ്ഞതിനെ തുടർന്ന് 2000 രൂപ ഡോക്ടറിന് നൽകി. എന്നിട്ടും ഫലമുണ്ടായില്ല. 21ന് ഉച്ചയ്ക്ക് വരെ ഡോക്ടർ വരാഞ്ഞതിനെ തുടർന്ന് ബീനയുടെ സഹോദരി ഡോക്ടറോട് വിവരം തിരക്കി. എനിക്ക് സൗകര്യമില്ല രാവിലെ വന്ന് നോക്കാനെന്നാണ് മറുപടി. ഒരു ഡോക്ടർ ഇങ്ങനെയാണോ സംസാരിക്കേണ്ടതെന്ന് ചോദിച്ചപ്പോൾ എവിടെയെങ്കിലും കൊണ്ടുപൊയ്ക്കോ ഡിസ്ചാർജ് തരാമെന്നായിരുന്നു മറുപടി.തുടർന്ന് ഡോക്ടർ 5000 രൂപ ആവശ്യപ്പെട്ടു. കൊടുക്കാൻ പണം ഇല്ലാഞ്ഞതിനാൽ കഴിഞ്ഞില്ല. ഇതിനിടെയാണ് ഡിസ്ചാർജ് വിവരം അറിഞ്ഞത്. കാര്യം തിരക്കിയപ്പോൾ സുരക്ഷാ ജീവനക്കാരൻ എത്തി അസഭ്യം പറയുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു.