പക്ഷിപ്പനി: വിദഗ്ദ്ധ സംഘം യോഗം ചേർന്നു

Monday 24 June 2024 1:28 AM IST

തിരുവനന്തപുരം: കുട്ടനാട് മേഖലയിൽ ബാധിച്ച പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുവാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ആദ്യ യോഗം പേരൂർക്കട കേരള വെറ്റിനറി കൗൺസിൽ വച്ച് നടന്നു. പാലോട് സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. ഷീല സാലി ജോർജ് അദ്ധ്യക്ഷത വഹിച്ചു. രോഗബാധയുടെ സ്ഥിതിഗതികൾ,പരിശോധനകൾ,കള്ളിങ്ങ് നടപടികൾ എന്നിവയുടെ അവലോകനം നടത്തി. താറാവ്,കോഴി ഇവയെ കൂടാതെ കാക്ക,പരുന്ത് തുടങ്ങിയ പക്ഷികളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. രോഗബാധ പ്രദേശങ്ങൾ സന്ദർശിച്ച് കർഷകരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തി 2 ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സർക്കാരിന് നൽകാനും യോഗം തീരുമാനിച്ചു.