ആനക്കാര്യവുമായി​​ എലിഫന്റ് മ്യൂസിയം

Monday 24 June 2024 12:49 AM IST

കോന്നി : ആനകളുടെ അത്ഭുതലോകം, നി​റയെ വിസ്മയക്കാഴ്ചകൾ... സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് കോന്നി ഇക്കോ ടൂറിസം സെന്ററിലെ ആന മ്യൂസിയവും ആർട്ട് ഗാലറിയും. സംസ്ഥാന വനംവന്യജീവി വകുപ്പ് 2021 ഫെബ്രുവരിയിൽ പുതുക്കി പണിത എലിഫന്റ് മ്യൂസിയത്തിൽ സഞ്ചാരി​കളുടെ തി​രക്കാണ്. എക്സിബിഷൻ റൂം, സെൻട്രൽ ഹാൾ, ഓഡിയോ വിഷ്വൽ റൂം എന്നിവ ആന മ്യൂസിയത്തിന്റെ ചന്തമാകുന്നു. പ്രവേശന കവാടത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത് 7.5 ലക്ഷം രൂപ വിലയുള്ള രണ്ട് മ്യൂറൽ പെയിന്റിംഗുകളാണ്. ഒന്ന് കാട്ടാനകളുമായി ബന്ധപ്പെട്ട് മനുഷ്യജീവിതത്തെ ഉയർത്തിക്കാട്ടുമ്പോൾ മറ്റൊന്ന് ആളുകളെയും ബന്ദികളാക്കിയ ആനകളെയും കുറിച്ചാണ്. കേരളത്തിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ആനകളെക്കുറിച്ചുള്ള സൂക്ഷ്മമായ വിശദാംശങ്ങളുമുണ്ട് മ്യൂസി​യത്തി​ൽ. ആനയുടെ അസ്ഥികൂടം പ്രദർശന മുറിയിലെ കൗതുകമാകുന്നു. ആനകളുടെ പരിണാമം, ആവാസവ്യവസ്ഥ, ഭക്ഷണം, പെരുമാറ്റം, ഇന്ദ്രിയങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചിത്രങ്ങളും കണക്കുകളുമായി​ ഇവി​ടെയുണ്ട്. തലയോട്ടി, പല്ലുകൾ, കാൽമുട്ട് സന്ധികൾ, താടി, താടിയെല്ല് തുടങ്ങിയ യഥാർത്ഥ ശരീരഭാഗങ്ങളും കാഴ്ചയ്ക്കായി​ ഒരുക്കി​യി​രി​ക്കുന്നു.

കാണാം, ആനക്കെണി​

ആനകളെ പിടിക്കാനും നിയന്ത്രിക്കാനും കേരളത്തിൽ ആളുകൾ ഉപയോഗിക്കുന്ന പരമ്പരാഗത ആനക്കെണികൾ, കൊളുത്തുകൾ, ഹോബിളുകൾ, ടെതറിംഗ് ചങ്ങലകൾ തുടങ്ങിയവ മ്യൂസിയത്തിലുണ്ട്. ആനകളെ പിടിക്കുന്നതിനുള്ള പരമ്പരാഗത രീതികൾ സെൻട്രൽ ഹാളി​ൽ പ്രദർശി​പ്പി​ച്ചി​രി​ക്കുന്നു. ആനകളുടെ ആകർഷകമായ രൂപങ്ങളും ഇവി​ടെയുണ്ട്.

വന്യമൃഗങ്ങൾ, പക്ഷികൾ, ഉഭയജീവികൾ, പ്രാണികൾ തുടങ്ങി 30ൽ അധികം വ്യത്യസ്ത ജീവികളുടെ യഥാർത്ഥ ശബ്ദം കേൾക്കാവുന്ന ഓഡിയോ വിഷ്വൽ റൂം മുഖ്യ ആകർഷകമാകുന്നു.

ദി​വസേന എത്തുന്ന സഞ്ചാരി​കളുടെ എണ്ണം : 800 - 1200,

തിങ്കളാഴ്ച അവധി​

രാജ്യത്തെ ആദ്യത്തെ എലിഫന്റ് മ്യൂസിയം ആണിത്. ആനയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്.

ആയൂഷ്‌ കുമാർ കോറി ( കോന്നി ഡി.എഫ്.ഒ )