മടിച്ച് മടിച്ച് മഴയെത്തി കർഷകർക്ക് ആശ്വാസം

Monday 24 June 2024 12:05 AM IST
rain

കോഴിക്കോട്: കർഷകർക്ക് ആശ്വാസം, ഒരാഴ്ചയായി പെയ്യാൻ മടിച്ച മഴ തിരുവാതിര ഞാറ്റുവേലയിൽ മുറിയാതെ എത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത്തവണത്തെ ഞാറ്റുവേല ആരംഭിച്ചത്. എന്നാൽ തിരുവാതിര ഞാറ്റുവേലയിൽ തിരി മുറിയാതെ മഴ പെയ്യും എന്ന ചൊല്ല് പാഴ്വാക്കാകുന്ന കാഴ്ചയായിരുന്നു. പല ദിവസങ്ങളിലും കനത്ത വെയിൽ. ചില പ്രദേശങ്ങളിൽ പേരിന് പെയ്തു. കഴിഞ്ഞ ദിവസം ശക്തി പ്രാപിച്ച കാലവർഷം ഒരാഴ്ച കൂടി ശക്തമായി തുടരുമെന്നതിനാൽ വരും ദിവസങ്ങളിലും മഴ തിരിമുറിയാതെ പെയ്യുമെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ മുതൽ ഉച്ച വരെ മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. ചില ഇടങ്ങളിൽ ചാറ്റൽ മഴ പെയ്തെങ്കിലും ഉച്ചയ്ക്ക് ശേഷം ശക്തി പ്രാപിച്ചു. ഏഴിന് ആരംഭിച്ച മകീര്യം ഞാറ്റുവേലയിൽ മഴ കുറവായിരുന്നു. സാധാരണ നല്ല മഴ ലഭിക്കാറുള്ള സമയമാണിത്. മഴ പെയ്തതോടെ കർഷകർ ആശ്വാസത്തിലാണ്. മഴ ദുർബലമായാൽ കൃഷിയെ ബാധിക്കുമെന്ന് ഉറപ്പായിരുന്നു. ജൂലായ് 7 വരെയാണ് ഇത്തവണത്തെ തിരുവാതിര ഞാറ്റുവേല.

@മഴ കുറഞ്ഞു

കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ പ്രകാരം ജൂൺ 1 മുതൽ 23 വരെ പെയ്ത മഴയിൽ സംസ്ഥാനത്ത് 43 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ 44 ശതമാനമാണ് മഴക്കുറവ്. 669 മില്ലീ മീറ്റർ പെയ്യേണ്ട സ്ഥാനത്ത് 372.4 മില്ലീമീറ്ററാണ് പെയ്തത്. മറ്റു ജില്ലകളിലും കുറഞ്ഞ മഴയാണ് ലഭിച്ചത്.

@ കാർഷിക സമൃദ്ധിയിൽ

ഏത് തരത്തിലുള്ള തൈകളും ചെടികളും കാർഷിക വിത്തുകളും വിതക്കാനും നടാനും പറിച്ചു മാറ്റി വയ്ക്കാനും അനുകൂല സമയമാണ് ഞാറ്റുവേല. തെങ്ങ്, മാവ്, പ്ലാവ് മുതലായ ഫല വൃക്ഷത്തൈകളും ചെടികളും കുരുമുളക് മുതലായ കാർഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. ഞാറ്റുവേലയിൽ നടുന്നവയെല്ലാം നന്നായി തഴച്ചുവളരുകയും ചെയ്യും. അതേ സമയം ഞാറ്റുവേലയിൽ മഴ കുറഞ്ഞത് ഗ്രാമീണ കാർഷിക മേഖലയെ സാരമായി ബാധിക്കാനിടയുണ്ട്. ഇടവപ്പാതിക്കുശേഷം തിരുവാതിര ഞാറ്റുവേല തുടങ്ങുന്നതോടെയാണ് തെങ്ങിന് തടമെടുക്കുന്നതും വളമിടുന്നതുമെല്ലാം. മഴ കുറഞ്ഞതോടെ ഇത്തവണ വളം ചെയ്യാൻ കർഷകർ മടിച്ചിരുന്നു. ഇത് ഉത്പ്പാദനത്തെ സാരമായി ബാധിക്കും. അതേസമയം ഇന്നലെ മുതൽ മഴ പെയ്തുതുടങ്ങിയതോടെ കർഷകർ ചെറിയ ആശ്വാസത്തിലാണ്. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ കൃഷി കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ.