ബാസ്‌ക്കറ്റ്‌ബാൾ സ്കിൽസ് ചലഞ്ച് ആവേശമായി
തിരുവല്ല : ജില്ലാ ബാസ്‌ക്കറ്റ് ബാൾ അസോസിയേഷനും വൈ.എം.സി.എയും സംയുക്തമായി വള്ളംകുളത്തെ മാർ ഡയോനിഷ്യസ് സ്‌പോർട്‌സ് സെന്ററിന്റെ ഇൻഡോർ ബാസ്‌ക്കറ്റ്‌ബാൾ സ്റ്റേഡിയത്തിൽ സ്കിൽസ് ചലഞ്ച് നടത്തി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ 15ഓളം സ്കൂളുകളിലെ 150ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു. എട്ട് മുതൽ 13 വയസ് വരെയുള്ള കളിക്കാരെ ഉൾപ്പെടുത്തി രണ്ട് വിഭാഗങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്. ഇന്റർനാഷണൽ താരം ജോസഫ് ജോൺ നേതൃത്വം നൽകി. പങ്കെടുത്തവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റും 12 മികച്ച കളിക്കാർക്ക് മെറിറ്റ് സർട്ടിഫിക്കറ്റും നൽകി. ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് സഖറിയയുടെ അദ്ധ്യക്ഷതയിൽ തിരുവല്ല വൈ.എം.സി.എ പ്രസിഡന്റ് ഇ.എ.ഏലിയാസ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് സെന്റർ മുഖ്യശില്പി കെ.എം.ജോൺ, വൈ.എം.സി.എ സെക്രട്ടറി ജോയ് ജോൺ, അലക്സ് മാമൻ, ജോർജ് സ്കറിയ എന്നിവർ പ്രസംഗിച്ചു.