അനധികൃതമായി നികത്തിയ നിലം പഴയപോലെയാക്കാൻ നടപടി

Monday 24 June 2024 12:11 AM IST
ജെ.സി.ബി ഉപയോഗിച്ച് നികത്തിയ നിലത്തിലെ ഗ്രാവൽ നീക്കം ചെയ്യുന്നു.

കരുനാഗപ്പള്ളി : സ്വകാര്യ വ്യക്തി അനധികൃതമായി നികത്തിയ നിലം പൂർവ സ്ഥിതിയിലാക്കാൻ റവന്യൂ ഉദ്യോഗസ്ഥർ നടപടി ആരംഭിച്ചു. പലപ്പോഴായി ഗ്രാവൽ ഇട്ട് നികത്തിയ 1.35 ഏക്കർ വയൽ പൂർവ സ്ഥിതിയിലാക്കണം. അയണിവേലിക്കുളങ്ങര വില്ലേജ് ഓഫീസിന് എതിർവശമുള്ള വയലാണ് സ്വകാര്യ വ്യക്തി നികത്തിയത്. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ നികത്തൽ തടഞ്ഞു കൊണ്ട് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകുകയും കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. നികത്തിയ വയൽ പഴയപടിയാക്കാൻ കളക്ടർ ഉത്തരവിട്ടു. എന്നാൽ, ഇതിനാവശ്യമായ ഫണ്ട് ലഭ്യമാകാത്തത് കാരണം മണ്ണ് നീക്കം ചെയ്യാനായില്ല.

ഹൈക്കോടതി ഉത്തരവിട്ടു

കളക്ടറുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് ഒരാൾ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് എത്രയും വേഗം മണ്ണ് നീക്കം ചെയ്യാൻ ഉത്തരവായത്. അടുത്ത ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് ഇന്നലെ രാവിലെ മുതൽ അടിയന്തരമായി മണ്ണ് നീക്കം ചെയ്തു തുടങ്ങിയത്. എൽ.ആർ.തഹസിൽദാർ ആർ സുശീല, ഡെപ്യൂട്ടി തഹസിൽദാർമാരായ അരുൺകുമാർ, സജീവ്, എ.ആർ.അനീഷ്, വില്ലേജ് ഓഫീസർ അജയകുമാർ, റവന്യൂ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് മണ്ണ് നീക്കം ചെയ്യുന്നത്.

Advertisement
Advertisement