ഡെല്‍ഫയ്ക്കും കുടുംബത്തിനും ഇനി പേടി കൂടാതെ കിടന്നുറങ്ങാം
പാലക്കാട്: ആരും ഇറക്കിവിടാത്ത, കുറ്റപ്പെടുത്താത്ത വീട്ടിലേക്ക് ഡെൽഫയും കുടുംബവും താമസം മാറി. ഇനി ഡെൽഫക്ക് പേടി കൂടാതെ കിടന്നുറങ്ങാം. ഓട്ടിസം ബാധിച്ച മകൾ രാത്രി ശബ്ദമുണ്ടാക്കുന്നു എന്ന കാരണത്താൽ വാടക വീടുകൾ മാറിമാറി തങ്ങേണ്ടി വന്ന ഡെൽഫയുടെ വീടിന്റെ താക്കോൽദാനം ഇന്നലെ നടന്നു. ഷാഫി പറമ്പിൽ എംപി ഒരുക്കി കൊടുത്ത വീട്ടിൽ ഇന്നലെയായിരുന്നു നൂറുകണക്കിനാളുകളെ സാക്ഷിയാക്കി താക്കോൽ കൈമാറിയത്. ഓട്ടിസം ബാധിച്ച ഡെൽഫയെയും കൊണ്ട് 12 വർഷത്തിനിടയ്ക്ക് 12 വീടുകളാണ് കുടുംബം മാറി താമസിച്ചത്. സംസാര ശേഷിയില്ലാത്ത യുവതിയുടെ ജീവിതം തന്നെ ദുരിതം നിറഞ്ഞതാണ്. വേദനയില്ലാത്ത ശരീരത്തിൽ സ്വയം മുറിവേൽപ്പിക്കും. രാത്രിയായാൽ ഉച്ചത്തിൽ നിലവിളിക്കും. അയൽവാസികൾക്ക് വലിയ ബാധ്യതയായതുകൊണ്ടാണ് ഈ കുടുംബത്തിന് നിരന്തരം വീടു മാറേണ്ടി വന്നത്. മൂന്നുവർഷങ്ങൾക്കു മുമ്പ് ആണ്ടിമഠത്തെ നാട്ടുകാരാണ് ഇവർക്ക് വീട് വയ്ക്കാനായി സ്ഥലം വാങ്ങി നൽകിയത്. എന്നാൽ കൂലിപ്പണിക്കാരായ പിതാവ് അക്ബറലിക്കും മാതാവ് കൗലത്തിനും വീടെന്ന സ്വപ്നം പിന്നെയും വിദൂരമായിരുന്നു. മാധ്യമ വാർത്തയെ തുടർന്നാണ് പാലക്കാട് സ്മാർട്ട് പദ്ധതി പ്രകാരം ഷാഫി പറമ്പിൽ തീരുമാനിച്ചത്. അകത്തേത്തറ പഞ്ചായത്തിൽ ഏഴാം വാർഡിൽ വരുന്ന ആണ്ടിമഠത്താണ് 545 സ്‌ക്വയർഫീറ്റിൽ വീട് നിർമ്മിച്ച നൽകിയത്. ഇതോടെ അക്ബർ അലിയുടെയും കുടുംബത്തിന്റെയും ഏറ്റവും വലിയ വീട് എന്ന സ്വപ്നം യഥാർഥ്യമായി. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു പ്രവാസിയാണ് വീട് നിർമ്മിച്ചു നൽകിയത്. സിനിമാതാരം സുരാജ് വെഞ്ഞാറമൂട് സാന്നിധ്യത്തിൽ ഷാഫി പറമ്പിൽ എംപി കുടുംബത്തിന് താക്കോൽ കൈമാറി. ഷാഫി പറമ്പിൽ എം.പിക്ക് കുടുംബം നന്ദി പറഞ്ഞു.