പാലുത്പാദനം കുറയുന്നു; സംസ്ഥാനത്ത് 10,000 കന്നുകാലികളെ അധികമായി എത്തിക്കാൻ സർക്കാർ

Monday 24 June 2024 1:17 AM IST

പാലക്കാട്: പാലുത്പാദന കുറവ് പരിഹരിക്കാൻ 'സ്വയംപര്യാപ്ത ക്ഷീരകേരളം’ പദ്ധതി വഴി സംസ്ഥാനത്ത് 10,000 കന്നുകാലികളെ എത്തിക്കാൻ തയ്യാറെടുത്ത് സർക്കാർ. ക്ഷീരവികസനവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള പാലിന്റെ അളവിനേക്കാൾ 7.7 ലക്ഷം ടൺ കുറവാണ് ഉത്പാദനം. പാലുത്പാദനത്തിലെ ഇടിവ് പരിഹരിക്കാനാണ് പുതിയനടപടി.

വർഗ ഗുണമുള്ളതും ഉത്‌പാദനക്ഷമതയുള്ളതുമായ ജേഴ്‌സി, എച്ച്.എഫ് ഇനങ്ങളിൽപ്പെട്ട 100 കുന്നുകുട്ടികളെ വീതം ഫാമുകളിൽ വളർത്തി ഒരുവർഷം പ്രായമാകുമ്പോൾ കർഷകർക്ക് സർക്കാർ ഫാമുകളിലേതിന്റെ വിലയ്ക്ക് നൽകുന്ന പദ്ധതി നടപ്പാക്കാനും ജില്ലാപഞ്ചായത്തുകൾക്ക് അനുമതിയുണ്ട്.

 പാലുത്‌പാദനത്തിൽ മുന്നിട്ടുനിൽക്കുന്ന 50 ബ്ലോക്ക് പഞ്ചായത്തുകളിലാണ് സ്വയംപര്യാപ്ത ക്ഷീരകേരളം പദ്ധതി നടപ്പാക്കുന്നത്.

 കൂടുതൽ ഉരുക്കളെ വാങ്ങുന്നതിനായി തുക കണ്ടെത്താൻ പദ്ധതി പട്ടികയിൽ ഉൾപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകൾ തയ്യാറാകണം.

 ഇതിനായി ഗ്രാമപഞ്ചായത്തുകൾ കറവപ്പശുവാങ്ങൽ പദ്ധതി നിർബന്ധമായി ഏറ്റെടുക്കണമെന്ന് ക്ഷീരവികസനവകുപ്പ് ഡയറക്ടർ കഴിഞ്ഞ ആഴ്ച തദ്ദേശ സ്വയംഭരണവകുപ്പിന് കത്ത് നൽകിയിരുന്നു.

 ഗ്രാമ പഞ്ചായത്തുകൾ അപേക്ഷകരുടെ ആവശ്യമനുസരിച്ച് ഈ സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് സെക്രട്ടറിയും നിർദേശം നൽകിയിട്ടുണ്ട്.

 മലബാറിലും പാൽസംഭരണം കുറയുന്നു

മലബാർ മേഖലയിൽ പാൽസംഭരണം വലിയതോതിൽ കുറയുന്നുവെന്ന് മിൽമ അധികൃതർ. കൊവിഡിന് ശേഷം പാൽസംഭരണം കുറയുന്ന സ്ഥിതിയുണ്ട്. പാൽസംഭരണം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ 13 ശതമാനത്തോളം കുറഞ്ഞു. നിലവിൽ ഏഴര ലക്ഷത്തോളം പാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന സാഹചര്യമാണുള്ളത്.