സ്‌കൂൾ പരിസരങ്ങളിൽ.. 19 ദിവസത്തിനിടെ 334 ലഹരി കേസുകൾ

Monday 24 June 2024 12:21 AM IST

പിഴയായി ഈടാക്കിയത് 66,800 രൂപ

കൊല്ലം: എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സും സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് സ്കൂൾ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ, പുകയില ഉത്പന്നങ്ങളുടെ വില്പനയ്ക്ക് 334 കേസുകൾ (കോട്പ) രജിസ്റ്റർ ചെയ്തു. 66,800 രൂപ പിഴയീടാക്കി.

മദ്ധ്യവേനൽ അവധിക്കു ശേഷം സ്കൂളുകൾ തുറന്ന ദിവസം മുതൽ ജില്ലയിലെ എട്ട് റേഞ്ചുകളിലും ശക്തമായ പരിശോധനയും നിരീക്ഷണങ്ങളും ഏർപ്പെടുത്തിയിരുന്നു. സ്‌കൂൾ പരിസരങ്ങൾക്ക് പുറമേ ബസ് സ്റ്റോപ്പുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, തൊഴിലാളി ക്യാമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. കുട്ടികളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ പി.ടി.എ കമ്മിറ്റികളെയും ഒരു അദ്ധ്യാപകനെയും എക്സൈസ് അധികൃതർ ചുമതലപ്പെടുത്തിയിരുന്നു. ഏകോപനത്തിനായി ഓരോ സ്‌കൂളിലും എക്‌സൈസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറിയാണ് സ്കൂളുകൾ കേന്ദ്രീകരിച്ച് ഏറ്റവും കൂടുതൽ ബോധവത്കരണ ക്ലാസുകൾ നടന്നത്. ലഹരിക്കടിപ്പെടുന്ന കുട്ടികളെ അദ്ധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുന്ന നേർവഴി പദ്ധതി പ്രകാരം, 14 കുട്ടികളെയാണ് കൗൺസിലിംഗിന് വിധേയമാക്കിയത്. അദ്ധ്യാപികമാർ വഴിയാണ് ഇത്തവണ ബോധവത്കരണം നൽകുന്നത്. ഇവരുടെ ക്ലസ്റ്റർ ട്രെയിനിംഗ് അവസാനഘട്ടത്തിലാണ്. സ്‌കൂൾ തുറന്ന് 20 ദിവസത്തിനിടെ വിമുക്തിയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ 200 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ലഹരി ഉപയോഗം കണ്ടെത്തിയാൽ കൗൺസിലിംഗ് ഉൾപ്പെടെ നൽകാൻ പരവൂരിലെ ഡീ അഡിക്ഷൻ സെന്ററിലേക്ക് അയയ്ക്കും.

ജൂൺ 3 മുതൽ 21 വരെ നടത്തിയ പരിശോധന

 സ്‌കൂൾ പരിസരത്തെ പരിശോധനകൾ: 308

 ബസ് സ്റ്റാൻഡുകളിലെ പരിശോധന: 9

 ലഹരി വസ്തുക്കൾ സംബന്ധിച്ച കേസുകൾ: 39

 അറസ്റ്റ്: 42

 കോട്പ കേസുകൾ: 334

 പിഴത്തുക: 66,800

 പിടികൂടിയ എം.ഡി.എം.എ: 2.98 ഗ്രാം

 പാൻമസാല: 66 കിലോ

 കഞ്ചാവ്: 24.9 കിലോ