റേഷൻ വിതരണം... മുൻഗണന കാർഡ് കൈവശം വച്ച അനർഹർക്ക് മുട്ടൻ പിഴ

Monday 24 June 2024 12:22 AM IST

ജില്ലയിൽ ഇതുവരെ ഈടാക്കിയത് 26.70 ലക്ഷം

കൊല്ലം: റേഷൻ മുൻഗണന പട്ടികയിൽ നിന്ന് ഒഴിവാകാനുള്ള നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും, കാർഡ് കൈവശംവച്ച് ആനുകൂല്യം കൈപ്പറ്റിയവരിൽ നിന്ന് ജില്ലയിൽ ഇതുവരെ ഈടാക്കിയത് 26.70 ലക്ഷം രൂപ. കൊട്ടാരക്കര താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ പിഴത്തുക ഈടാക്കിയത്, 16.39 ലക്ഷം രൂപ. കുറവ് പുനലൂർ താലൂക്കിലും, 1.06 ലക്ഷം രൂപ.

അനർഹർ മുൻഗണന കാർഡ് കൈവശം വച്ചിരിക്കുന്നതിനാൽ അർഹതയുള്ളവർ തഴയപ്പെടും. മുൻഗണന റേഷൻകാർഡ് ഇപ്രകാരം കൈവശം വയ്ക്കുന്നവരെപ്പറ്റിയുള്ള വിവരങ്ങൾ ഫോൺ മുഖേനയോ നേരിട്ടോ അധികൃതരെ അറിയിക്കാം. താലൂക്ക് സപ്ളൈ ഓഫീസർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഫീൽഡ്തല പരിശോധന നടത്തി അനർഹരെ കണ്ടെത്തുന്നത്.

സർക്കാർ ജീവനക്കാരും ഉയർന്ന ശമ്പളത്തിൽ വിദേശത്ത് ജോലിചെയ്യുന്നവരും ആഡംബര വീടുള്ളവരുമൊക്കെ മുൻഗണനാ റേഷൻകാർഡ് കൈവശം വച്ച അനർഹരുടെ കൂട്ടത്തിലുണ്ടെന്ന് ജില്ലാ സിവിൽ സപ്ളൈസ് അധികൃതർ പറഞ്ഞു. താലൂക്ക് സപ്ളൈ ഓഫീസുകളിൽ നിന്നാണ് അനർഹരുടെ വിവരങ്ങൾ ശേഖരിച്ച് ജില്ലാ സപ്ളൈ ഓഫീസർക്ക് കൈമാറുന്നത്. അനർഹർ ദുരുപയോഗം ചെയ്ത സാധനങ്ങളുടെ വിലയാണ് പിഴയായി ഈടാക്കുന്നത്.

താലൂക്ക് തിരിച്ചുള്ള പിഴത്തുക

 കൊല്ലം: 4,27,700

 കൊട്ടാരക്കര: 16,39,522

 കരുനാഗപ്പള്ളി: 1,06,947

 കുന്നത്തൂർ: 1,43,340

 പുനലൂർ: 1,06,079

 പത്തനാപുരം: 2,46,615