കടുത്ത വിമർശനവുമായി ലീഗ്: മുഖ്യമന്ത്രിയുടെ മുഖമാണ് വികൃതം:പി.എം.എ. സലാം

Monday 24 June 2024 12:27 AM IST

മലപ്പുറം: മുസ്‌ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്ന് നോക്കുന്നതിന് പകരം പാർട്ടിയിലും പൊതുസമൂഹത്തിലും സ്വന്തം മുഖമാണ് മുഖ്യമന്ത്രി അന്വേഷിക്കേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു. ദയനീയ പരാജയം സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശൈലിക്കും ഭരണ നെറികേടിനുമെതിരെ പാർട്ടി യോഗങ്ങളിൽ കടുത്ത വിമർശനമാണ് നടക്കുന്നത്. പരാജയ കാരണം മുഖ്യമന്ത്രിയാണെന്നതിൽ പോരാളി ഷാജി മുതൽ സീതാറാം യെച്ചൂരി വരെ എത്തിയിട്ടുണ്ട്. സ്വാഭാവികമായും മുഖ്യമന്ത്രിക്ക് ഉണ്ടാവുന്ന അസ്വസ്ഥത തീർക്കാൻ അദ്ദേഹം ലീഗിനെയാണ് കണ്ടത്. തെറ്റുകൾ തിരുത്തുന്നതിന് പകരം ലീഗിന്റെ മുകളിലേക്ക് കയറിയിട്ട് കാര്യമില്ലെന്നും സലാം പറഞ്ഞു.

ജനാധിപത്യവും മതേതരത്വവും നിലനിർത്താൻ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുന്ന വരെ വിജയിപ്പിക്കണമെന്ന തീരുമാനം എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും എടുത്തിരുന്നു. അതിന് ലീഗ് ഉത്തരവാദികളല്ല. കാലങ്ങളായി ഇടതുപക്ഷത്തിനാണ് അവർ വോട്ട് ചെയ്തിരുന്നത്. ഇത്ര വലിയ പരാജയമുണ്ടായിട്ടും തന്റെ ഭാഗത്ത് അപാകതകൾ ഉണ്ടായോയെന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നില്ല. തോൽവിക്ക് കാരണം ഭരണവീഴ്ചയാണെന്ന് പി.ആർ സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ല. വീണ്ടും തോറ്റാൽ പാർട്ടിയെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടിവരുമെന്ന് ലീഗിന്റെ മുഖപത്രമായ ചന്ദ്രിക വിമർശിച്ചിരുന്നു.

പ്ളസ് വൺ സീറ്റിന്

സമരത്തിനിറങ്ങും

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ അടിയന്തര പരിഹാരം കാണണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു. സീറ്റുകളുടെ എണ്ണം കൂട്ടി കുട്ടികളെ കുത്തിനിറച്ച് പഠിപ്പിക്കാനാവില്ല. അത് മുസ്‌ലിം ലീഗ് സമ്മതിക്കുകയുമില്ല. ഈ പോക്കാണ് പോകുന്നതെങ്കിൽ സമരം ലീഗ് ഏറ്റെടുക്കുമെന്നും സലാം പറഞ്ഞു.

Advertisement
Advertisement