തരംഗമായി കെ-പോപ്പ്: കൊറിയൻ ഭാഷ ഹിറ്റായി പഠിക്കുന്നവരുടെ എണ്ണം കൂടി

Monday 24 June 2024 12:30 AM IST

കൊച്ചി: സിനിമകളും കെ-പോപ്പ് സംഗീതവും തരംഗമായതോടെ കൊറിയൻ ഭാഷ പഠിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചു. കൊറിയൻ കമ്പനികളിലെ ജോലിസാദ്ധ്യതയാണ് മറ്റൊരു കാരണം. ഇതോടെ എം.ജി സർവകലാശാലാ സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിന് കീഴിലുള്ള കൊറിയ സെന്റർ കൊറിയൻ ഭാഷാ ക്ളാസുകൾ തുടങ്ങാനുള്ള ആലോചനയിലാണ്.

ഇന്ത്യ-കൊറിയ സഹകരണത്തിന്റെ ഭാഗമായി കഴിഞ്ഞവർഷമാണ് എം.ജിയിൽ ദക്ഷിണേന്ത്യയിലെ ആദ്യ കൊറിയ സെന്റർ തുടങ്ങിയത്.ആവശ്യക്കാർ കൂടിയതോടെ കൊറിയൻ പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും സംസ്ഥാനത്ത് നിരവധിയായി.

കെ-പോപ്പ് ബാൻഡായ ബി.ടി.എസിൽ ആകൃഷ്ടരായി തമിഴ്‌നാട്ടിൽ നിന്ന് 13 വയസുള്ള മൂന്നു പെൺകുട്ടികൾ വീടുവിട്ടിറങ്ങിയതോടെയാണ് കൊറിയൻ താരങ്ങൾ ഇത്രയും വൈറലാണെന്ന് തിരിച്ചറിഞ്ഞത്. വിശാഖപട്ടണത്തെത്തി കപ്പലിൽ ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയോളിലേക്കു പോകാൻ കുടുക്ക പൊട്ടിച്ച് 14,000 രൂപയുമായെത്തിയ പെൺകുട്ടികളെ പൊലീസാണ് വീട്ടിലെത്തിച്ചത്. കൊച്ചിയിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗവും ബ്ലാക് പിങ്ക് ബാൻഡിന്റെ ആരാധകരാണ്.

ആപ്പു വഴിയും പഠിക്കാം

ഡ്യുവോലിങ്കോ (Duolingo) ആപ്പിലൂടെയും സൗജന്യമായി കൊറിയൻ പഠിക്കാം. ഇംഗ്ലീഷും ഹിന്ദിയും ഫ്രഞ്ചും കഴിഞ്ഞാൽ ഇതുവഴി കൂടുതൽ ആളുകൾ ഇന്ത്യയിൽ പഠിക്കുന്ന ഭാഷയാണ് കൊറിയൻ. കൊറിയൻ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ രാജ്യത്തെ നിരവധി സ്‌കൂളുകളിൽ റെഗുലർ - ഹോബി ക്ലാസുകളും നടത്തുന്നുണ്ട്.

കെ-ഫാഷനും തരംഗം

കെ-ഫാഷനോടും യുവതലമുറയ്ക്ക് താത്പര്യം കൂടുകയാണ്. ശരീരം മറയുന്ന അയഞ്ഞ വസ്ത്രങ്ങളാണ് കൊറിയൻ ട്രെൻഡ്. കൊറിയൻ 'സ്ലിം ഫിറ്റ്" ഭക്ഷണരീതികളും യുവാക്കൾക്ക് ഹരമാണ്.


ധാരാളം അന്വേഷണമുള്ളതിനാൽ കൊറിയൻ ഭാഷാപഠനം പരിഗണനയിലാണ്. ഒട്ടേറെ നടപടിക്രമമുള്ളതിനാൽ എന്നു തുടങ്ങുമെന്ന് പറയാനാവില്ല.

- ഡോ. ജോജിൻ വി. ജോൺ, ഡയറക്ടർ, കൊറിയ സെന്റർ, എം.ജി യൂണിവേഴ്സിറ്റി

ഗാനങ്ങളുടെ പ്രത്യേകതയും അവതരണരീതിയും ഗായകരുടെ വസ്ത്രധാരണവുമാണ് ആകർഷിച്ചത്. എല്ലാവരും പാട്ടിലും നൃത്തത്തിലും മികവ് പുലർത്തുന്നു. കൂട്ടുകാർക്കൊപ്പം ഓൺലൈനിലാണ് ഭാഷ പഠിച്ചത്. എഴുതാനും വായിക്കാനുമറിയാം.

- ഇവാന, ഒമ്പതാം ക്ലാസ് വിദ്യാർത്ഥി, കാംപ്യൻ സ്‌കൂൾ, കൊച്ചി

Advertisement
Advertisement