പ്ളസ് വൺ സീറ്റ് പ്രതിസന്ധി: എസ്.എഫ്.ഐയും സമരത്തിന്

Monday 24 June 2024 12:41 AM IST

സർക്കാർ പ്രതിരോധത്തിൽ

തിരുവനന്തപുരം : മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കി എസ്.എഫ്.ഐയും സമര രംഗത്തേക്ക്. ഇന്ന് പ്ളസ് വൺ ക്ളാസുകൾ ആരംഭിക്കാനിരിക്കെ ,. ഇന്ന് മുതൽ സമരത്തിനിറങ്ങാനാണ് എസ്.എഫ്.ഐയുടെ തീരുമാനം. മലപ്പുറം കളക്ട്രേറ്റിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തും.

വിഷയത്തിൽ പൊതുവിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന അഭിപ്രായമുള്ള

എസ്.എഫ്.ഐ,വിഷയം പരിഹരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് രണ്ടു ദിവസം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. കെ.എസ്.യു പ്രവർത്തകർ ഇന്നലെ വിദ്യാഭ്യാസമന്ത്രിയെ തടഞ്ഞ് വാഹനത്തിൽ കരിങ്കൊടി കെട്ടിയും പ്രതിഷേധം ശക്തമാക്കി.

രാഷ്ട്രീയപ്രേരിത സമരമാണെന്ന് ആരോപിച്ചിരുന്ന വിദ്യാഭ്യാസമന്ത്രി, 25 ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ചയ്ക്ക് തീരുമാനിച്ചിട്ടുണ്ട്.

പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ,​ കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന മലബാറിൽ മുക്കാൽ ലക്ഷത്തോളം സീറ്റുകളുടെ കുറവാണുള്ളത്. മൂന്നാം അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള മെറിറ്റ്,​ കമ്മ്യൂണിറ്റി,​ മാനേജ്‌മെന്റ് സീറ്റുകളിൽ കൂടി അഡ്‌മിഷൻ നൽകിയാൽപ്പോലും 54000 കുട്ടികൾ പ്രവേശനം ലഭിക്കാതെ പുറത്തു നിൽക്കേണ്ടിവരും. ഇതിൽ ഇരുപത്തയ്യായിരത്തോളം കുട്ടികൾ മലപ്പുറത്താണുള്ളത്. സീറ്ര് ലഭിക്കാതെ പുറത്ത് നിൽക്കുന്നവരിൽ ഫുൾ എ പ്ളസ് നേടിയവരും ഒരു വിഷയത്തിന് മാത്രം എ പ്ലസ് നഷ്ടമായവരുമുണ്ട്.

സീറ്റ് വർദ്ധന

പരിഹാരമാവില്ല

മലബാറിലെ പ്ളസ് വൺ ക്ളാസുകളിൽ 65- 70 കുട്ടികൾ വരെയുള്ള സാഹചര്യത്തിൽ ബാച്ചിലെ സീറ്റ് വർദ്ധന പരിഹാരമാവില്ല. പുതിയ ബാച്ചുകൾ അനുവദിക്കുകയോ ഹൈസ്കൂളുകൾ ഹയർ സെക്കൻ‌ഡറിയായി ഉയർത്തുകയോ മാത്രമാണ് പരിഹാരം. എന്നാൽ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഇതിന് തടസമാകുന്നു.

Advertisement
Advertisement